‘മോഷ്ടാവായ അനിയൻ'ന്റെ അപേക്ഷയോട് പെരുത്തപ്പെട്ടു ; 5000 രൂപ പക്ഷേ എടുത്തില്ല, പണം മറ്റൊരു നൻമയ്ക്ക്
പാലക്കാട്; ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിച്ച് കൊണ്ട് കഴിഞ്ഞ ദിവസം കൂത്തുപറമ്പൻ വീട്ടിൽ ഉമ്മർ (46) എന്ന ഫാമിലി സ്റ്റോർ ഉടമയ്ക്ക് ഒരു കത്ത് ലഭിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് കടയിൽ നിന്ന് മോഷ്ടിച്ച സാധനത്തിനുള്ള പണവും ഒപ്പം പൊതിഞ്ഞ് വെച്ചായിരുന്നു കത്ത്. സാഹചര്യം മൂലം മോഷ്ടിക്കേണ്ടി വന്നതാണെന്നും അനിയനെ പോലെ കണ്ട് തെറ്റ് പൊരുത്തപ്പെട്ട് കൊടുക്കണമെന്നുമായിരുന്നു ആവശ്യം. എന്തായാലും മോഷ്ടാവായ ആ അനിയന്റെ ആവശ്യം സ്വീകരിക്കാൻ ഉമ്മർ തയ്യാറായി. തെറ്റ് പെരുത്തപ്പെടുകയും ചെയ്തു. എന്നാൽ സാധനത്തിന്റെ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഉമ്മറിന് മനസ് വന്നില്ല. ആ പണം മറ്റൊരു നൻമയ്ക്കാണ് ഉമ്മർ ഉപയോഗിച്ചത്.
5000 രൂപയായിരുന്നു 'മോഷ്ടാവായ അനിയൻ' കത്തിനൊപ്പം വെച്ചിരുന്നത്. ഈ തുക മുഴുവൻ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നയാൾക്കു നൽകാൻ മാറ്റിവെച്ചിരിക്കുകയാണ് ഉമ്മർ. മോഷണം നടത്തിയെങ്കിലും തെറ്റ് മനസിലാക്കി പ്രായശ്ചിത്തം ചെയ്ത് ആ മനസിനെ ഓർത്തുള്ള സന്തോഷവും ഉമ്മർ പങ്കുവെച്ചു.
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഉമ്മറിന്റെ ഫാമിലി സ്റ്റോറിൽ നിന്ന് സാധനങ്ങൾ മോഷണം പോയത്. കടയുടെ ഓടുപൊളിച്ച് അകത്ത് കടന്ന കള്ളൻ മോഷ്ടിച്ചത് ഈന്തപ്പഴവും തേനും ചോക്ക്ലേറ്റും, ജ്യൂസുമായിരുന്നു. പിന്നാലെ തന്നെ പരാതി നൽകിയെങ്കിലും കള്ളനെ പിടിക്കാൻ പോലീസിന് സാധിച്ചില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഉമ്മറിനെ തേടി പണവും കത്തും എത്തിയത്.
.'കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്.. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ', എന്നായിരുന്നു കത്തിൽ കുറിച്ചിരുന്നത്.