പാലക്കാട് പുലിയുടെ ജഡം കണ്ടെത്തി; മരണകാരണം നെഞ്ചിലേറ്റ അടി, കൊന്നതാകാമെന്ന് നിഗമനം
മംഗലംഡാം: ഓടംതോട് പട്ടങ്ങിട്ടത്തോടിയിൽ പുലിയുടെ ജഡം കണ്ടെത്തി.ചുങ്കപ്പുര സജിയുടെ റബ്ബർത്തോട്ടത്തിലാണ് രണ്ട് വയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. നെഞ്ചെത്ത് ഏറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ഇതോടെ പുലിയെ ആരെങ്കിലും കൊന്നതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെത്തിയ ടാപ്പിങ് തൊഴിലാളി രാധാകൃഷ്ണനാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലിയുടെ പിൻകാൽ അറ്റ നിലയിലായിരുന്നു. പുലി ചത്ത ശേഷമാണ് ഇതെന്ന് പോസ്റ്റ്മാർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.മുറിഞ്ഞ കാലിന്റെ മുകൾഭാഗത്ത് ദശയും തോലും ഉണ്ടായിരുന്നില്ല. മുറിഞ്ഞുപോയ കാലിന്റെ ഭാഗവും സമീപത്ത് നിന്ന് കണ്ടെത്തി.

പുലി ചത്തത് 48 മണിക്കൂറിനുള്ളിലാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പുലിയുടെ വയറ് ഭാഗത്തെ തൊലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തോല് ഉരിയാൻ ശ്രമിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം.
മുള്ളൻപന്നിയുടെ മുള്ളുകളും പുലിയുടെ ശരീരത്തിൽ കുത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മുള്ളൻ പന്നിയുമായി ഏറ്റുമുട്ടൽ നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ പറയുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്.
വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിനായി ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തിട്ടുണ്ട്.












Click it and Unblock the Notifications