ട്രാക്കില്‍ കണ്ടത് രണ്ട് പേരെയെന്ന് ലോക്കോ പൈലറ്റ്; ഷൊര്‍ണൂര്‍ അപകടത്തെക്കുറിച്ച് റെയില്‍വേ
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗർഭാഗ്യകരമായ സംഭവം ആണെന്ന് റെയിൽ വേ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് പേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം എന്ന് റെയിൽ വേ പറഞ്ഞു.
ലോക്കോ പൈലറ്റ് പ്രാഥമിക വിവരം റെയിൽ വേയ്ക്ക് കൈമാറി. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ രണ്ട് പേരെയാണ് ട്രാക്കിൽ കണ്ടതെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകി. പോലീസും സി ആർ പി എഫും നടത്തിയ പരിശോധനയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ പാലത്തിന് താഴെ നിന്നും ഒരാളുടെ മൃതദേഹം പാലത്തിന് മുകളിൽ നിന്നുമാണ് കണ്ടെത്തിയത്.

ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരാൾ പുഴയിലേക്ക് ചാടിയതായും ഇദ്ദേഹത്തിനായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും റെയിൽ വേ വ്യക്തമാക്കി. അതേ സമയം റെയിൽ വേയുടെ കരാർ ജീവനക്കാരാണോ അപകടത്തിൽ പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വളവ് തിരിഞ്ഞ ഉടനെയാണ് റെയിൽ വേ പാലത്തിൽ ആളുകളെ കണ്ടത് എന്നാണ് കേരള എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് പറയുന്നത്.
വളരെ അപ്രതീക്ഷിതമായിരുന്നുവെന്നും പലതവണ ഹോൺ അടിച്ചു, എമർജൻസി ഹോൺ മുഴക്കി പക്ഷേ അവർ വളരെ അടുത്തായിരുന്നുവെന്നും അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല, തനിക്കും ഒന്നു ചെയ്യാൻ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിൻ വരുന്ന അതേ ദിശയിലാണോ എന്ന സംശയവും ഉണ്ട്.
ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ട് ഭാഗത്തായി സ്ഥലമുണ്ട്. ഇവിടേക്ക് ലക്ഷ്യമാക്കി ഇവർ ഓടി എത്തുന്നതിന് മുൻപ് തന്നെ നാല് പേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രഥാമികമായ വിവരം. തമിഴ്നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മൺ, ഭാര്യ വള്ളി, റാണി, ലക്ഷ്മൺ എന്ന് പേരുള്ള മറ്റൊരാളുമാണ് അപകടത്തിൽപ്പെട്ടത്.
വള്ളിയും റാണിയും സഹോദരിമാരാണ്.റാണിയുടെ ഭർത്താവ് ലക്ഷ്മണിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്. റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം നീക്കുന്ന ജോലിക്കിടെയാണ് അപകടം. 5 വർഷമായി ഒറ്റപ്പാലത്താണ് ഇവർ താമസിക്കുന്നത്.












Click it and Unblock the Notifications