Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് എത്തുന്നവര്‍ ഒരുതവണയെങ്കിലും ഇവിടെ വരണം.... കരിമ്പനയില്‍ കാറ്റു പിടിക്കുന്നത് കാണണം

ഇവിടെ പാലക്കാട് നിന്ന് കിഴക്ക് മാറി 12 കി.മീ അകലെ തസ്രാക്കില്‍ ഒ.വി വിജയന്‍ സ്മാരകമുണ്ട്. അവിടെ കാറ്റുപിടിച്ച് വരുന്തോറും ഏറ്റക്കുറച്ചിലുകളുണ്ടാകുംവിധം കരിമ്പനകളുടെ സില്‍ക്കാരമുണ്ട്. അവിടെയെത്തുന്നവര്‍ക്ക് മുന്നില്‍ കൈകളില്‍ നീല ഞരമ്പോടിയ മൈമൂനയും നൈജാമലിയും മുങ്ങാം കോഴിയും അപ്പുക്കിളിയും മാറിമറിയും... 2005-ല്‍ ഓര്‍മയായി മാറിയ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥമായി ഒ.വി വിജയന്‍ സ്മാരകം ഇവിടെ 13 വര്‍ഷമായി നിലകൊള്ളുന്നു.

തച്ചറയിലെ 21 ദിവസങ്ങള്‍ - ഇതിഹാസ പിറവിക്ക് കാരണമായി

ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ (ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍) രണ്ട് സഹോദരിമാരില്‍ ഒരാളായ ഒ.വി ശാന്ത തന്റെ 24-ാം വയസ്സില്‍ പാലക്കാടിന്റെ കിഴക്കുള്ള തച്ചറയില്‍ ഏകാധ്യാപന വിദ്യാലയം നടത്തിയിരുന്ന സമയത്ത് സഹോദരിയെ സന്ദര്‍ശിച്ചുകൊണ്ട് ഒ.വി വിജയന്‍ അവിടെ ചെലവഴിച്ച 21 ദിവസങ്ങളാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്ന ഇതിഹാസപിറവിക്ക് കാരണമായത്.

 khasak2-

' ഖസാക്ക്'
കഥാകാരന്റെ സാങ്കല്പിക ഭൂമി.....

തച്ചറയിലെ 21 ദിവസത്തെ സന്ദര്‍ശനം കഥാകാരന്റെ മനസ്സിലെ തന്തുവും മനസ്സില്‍ തട്ടിയ കാഴ്ചകളും എണ്ണമറ്റ കഥാപാത്രങ്ങളെയും കോര്‍ത്തിണക്കി ഖസാക്ക് എന്ന സങ്കല്‍പ്പിക ഭൂമി സൃഷ്ടിക്കാനിടയായി. തുടര്‍ന്ന് ഖസാക്കിന്റെ ഇതിഹാസം എന്ന ഐതിഹാസിക പിറവിയും ഉടലെടുക്കുകയായിരുന്നു. 12 വര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ വച്ചാണ് നോവലിന്റെ രചന പൂര്‍ത്തിയാക്കിയത്.

വണ്ടിത്താവളത്തിനടുത്തെ കൂമന്‍കാടിനെ..... കൂമന്‍കാവാക്കി..... ചിതലിമല ആലത്തൂരില്‍....

നോവല്‍ തുടക്കമിടുന്ന കൂമന്‍കാവ് പാലക്കാട് വണ്ടിത്താവളത്തിനടുത്തുള്ള കൂമന്‍കാടാണ്. ആലത്തൂരിലെ ചിതലി എന്ന സ്ഥലത്തെ ഒരു കുന്നിനെയാണ് ചിതലിമലയായി നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. നോവലിന്റെ ആദ്യവും അവസാനവും കൂമന്‍ കാവിലെ വഴിയമ്പലത്തില്‍ നിന്നായതുകൊണ്ട് തന്നെ പ്രതീകമായി സാംസ്‌കാരിക വകുപ്പും ഒ.വി വിജയന്‍ സ്മാരക സമിതിയും ഖസാക്ക് സ്മൃതി കവാടത്തിനോട് ചേര്‍ന്ന് ഒരു പൂന്തോട്ടവും വഴിയമ്പലവും സജ്ജീകരിച്ചിട്ടുണ്ട്. ഈ നോവലിലെ ഒട്ടേറെ കഥാപാത്രങ്ങളും അവിടത്തെ പ്രദേശവാസികളായതിനാല്‍ ഇപ്പോള്‍ തസ്രാക്കില്‍(ഖസാക്കില്‍) ഇവരുടെ പിന്‍തലമുറക്കാരെ കാണാന്‍ സാധിക്കും.

പാലക്കാട് നിന്ന് 12 കി.മീ മാറി 2.04 ഏക്കറില്‍ ഒ.വി വിജയന്‍ സ്മാരകം.....

പാലക്കാട് നിന്ന് 12 കി.മീ മാറി 2.04 ഏക്കര്‍ സ്ഥലത്ത് തസ്രാക്കില്‍ ഒ.വി വിജയന്‍ സ്മാരകം നിലകൊള്ളുന്നു . 2010-ല്‍ നിലവില്‍ വന്ന തസ്രാക്കില്‍ ഒ.വി വിജയന്‍ സ്മാരകത്തിന്റെ ഒരേക്കറില്‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഞാറ്റുപുര, ശില്പവനം,അതിനുള്ളിലൂടെ കേറി ചെല്ലുന്ന അറബിക്കുളം, പവലിയനുകള്‍, സെമിനാര്‍ ഹാള്‍, പ്രദര്‍ശനശാല, ലഘു ഭക്ഷണ ശാല ഉള്‍പ്പെടുന്നതാണ് സ്മാരകം. ഞാറ്റുപുരയ്ക്ക് മുന്നിലായി ശില്‍പി രഞ്ജിത് ശിവരാമിന്റെ സൃഷ്ടിയായി ഒ.വി വിജയന്റെ പ്രതിമയുണ്ട്. ഞാറ്റുപുരയ്ക്കുള്ളില്‍ ഒ.വി വിജയന്റെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ ഗാലറി, കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയ കാര്‍ട്ടൂണ്‍ ഗാലറി, അദ്ദേഹത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ ഓണ്‍ ഡിമാന്‍ഡ് എന്ന പേരിലുള്ള വീഡിയോ ഗാലറി എന്നിവയുണ്ട്. അവിടം മുതല്‍ അറബികുളം വരെ നടന്നു കാണാവുന്ന രീതിയില്‍ നോവലിലെ നൂറിലധികം കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഉള്‍പ്പെടുത്തിയ ശില്പങ്ങള്‍ ഉള്‍പ്പെട്ട 'ഖസാക്ക് ശില്‍പ്പവനം' സജ്ജീകരിച്ചിട്ടുണ്ട്. വി.കെ രാജന്‍, ഹോ ചി മിന്‍, ജോസഫ് എം വര്‍ഗീസ്, ജോണ്‍സണ്‍ മാത്യു എന്നീ നാല് ശില്‍പികളാണ് ജീവസുറ്റ ആ പ്രതിമകള്‍ കൊത്തിയെടുത്തത്. ഒ.വി വിജയന്‍ സ്മാരകത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിജയന്റെ ശബ്ദം കേള്‍ക്കാന്‍ 'വിജയശ്രുതി'യും സജ്ജീകരിച്ചിട്ടുണ്ട്.

ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായത്രി -
ഒ.വി വിജയന്‍ കൃതികളുടെ പേരില്‍ പവലിയനുകള്‍

ഒ.വി വിജയന്‍ കൃതികളായ 'ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായത്രി ' എന്നീ പേരുകളില്‍ പവലിയനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സെമിനാര്‍ ഹാളില്‍ ഒ.വി വിജയന്‍ സ്മാരക സമിതി പല സമയങ്ങളിലായി സംഘടിപ്പിച്ച ചിത്രകല ക്യാമ്പുകളില്‍ നിന്നുമുള്ള കേരളത്തിലെ പ്രശസ്ത ചിത്രകാരികളുടെ പെയിന്റിംങ്ങുകളും സജ്ജീകരിച്ചിട്ടുണ്ട്. പുറമെ തസ്രാക്കിന്റെ ചിത്രങ്ങളടങ്ങിയ ഫോട്ടോ ഗാലറി, ഖസാക്കിന്റെ ഇതിഹാസം ഉള്‍പ്പെടെയുള്ള ആറു നോവലുകളെ ആസ്പദമാക്കി പവലിയനുകളിലും സെമിനാര്‍ ഹാളിലുമായി 10 ചുമര്‍ചിത്രങ്ങള്‍. സെമിനാര്‍ ഹാള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പ്രദര്‍ശനശാലയില്‍ പ്രശസ്ത കാലിഗ്രാഫിസ്റ്റ് ആര്‍ട്ടിസ്റ്റ് ഭട്ടതിരി ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഖസാക്ക് കാലിഗ്രാഫി, ഒ.വി വിജയന്‍ ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, ഒ.വി വിജയന്‍ പലര്‍ക്കും അയച്ചതും തിരിച്ചു കിട്ടിയതുമായ കത്തുകള്‍, ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം,മധുരം ഗായത്രി, പ്രവാചകന്റെ വഴി, ഗുരുസാഗരം എന്നീ നോവലുകളുടെ ചിത്രീകരണം, എ.എസ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, മദനന്‍ തുടങ്ങിയവര്‍ വിജയന്റെ നോവലുകള്‍ക്കായി വരച്ചിട്ടുള്ള ചിത്രങ്ങളുടെ നോവല്‍ ചിത്രീകരണം, പെയിന്റിങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഗാലറി, ഒ.വി വിജയന്റെ പുസ്തകങ്ങളുടെ പുസ്തകശാല, വിജയന്റെയും മറ്റു എഴുത്തുകാരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ ഒ.വി വിജയന്‍ സ്മാരക ലൈബ്രറി, വിജയന്റെ ചിത്രം പതിച്ച ടി-ഷര്‍ട്ട്, പേന, കത്തുകള്‍ അയക്കാനുള്ള കവര്‍ എന്നിവയുടെ ഉപഹാരശാല എന്നിവയുണ്ട്. വേണു എന്ന ശില്‍പിയുടെ കലാവിരുതില്‍ കൊത്തിയെടുത്ത വിജയന്റെ മറ്റൊരു പ്രതിമ പിന്‍വശത്ത് പവലിയനുകള്‍ക്ക് മുന്നിലായുണ്ട്.

1.04 ഏക്കറില്‍ 'ഖസാക്ക് എഴുത്തുകാരുടെ ഗ്രാമം'

1.04 ഏക്കറില്‍ എഴുത്തുകാര്‍ക്കായി ശാന്തമായൊരിടം സജ്ജമാക്കുന്നുണ്ട്. 'ഖസാക്ക് എഴുത്തുകാരുടെ ഗ്രാമം(റൈറ്റേഴ്‌സ് വില്ലേജ്)' എന്നാണ് ആ ഇടത്തിന്റെ പേര്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമമാണിത്. ടൂറിസം വകുപ്പിന്റെ അഞ്ച് കോടി ഫണ്ടില്‍ സ്മാരക സമിതിയും സാംസ്‌കാരിക വകുപ്പുമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. എഴുത്തുകാര്‍ക്കുള്ള കോട്ടേജുകള്‍, ട്രീ ഹട്ടുകള്‍, ഡോര്‍മെട്രികള്‍, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയവയാണ് ഖസാക്ക് എഴുത്തുകാരുടെ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്നത്.

തസ്രാക്കിലെത്താന്‍ വഴിയിങ്ങനെ......

പാലക്കാട് നിന്നും വരുന്നവര്‍ കിനാശ്ശേരി-തണ്ണീര്‍പന്തല്‍ വഴി കൂമന്‍കാവ് കനാല്‍പാലത്തിലെ കവാടത്തില്‍ എത്തിച്ചേരും. കവാടത്തിനകത്തേക്ക് പ്രവേശിച്ചതിനു ശേഷം വലതുവശത്തേക്കുള്ള റോഡ് ചെന്നെത്തുന്നത് തസ്രാക്കിലേക്ക്.

പാലക്കാടിന് പുറത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ ദേശീയപാതയിലൂടെ വന്ന് യാക്കര പുഴപ്പാലത്തിന് മുമ്പുള്ള വലതുതിരിഞ്ഞ് മമ്പറം വഴി തണ്ണീര്‍പന്തല്‍ കനാല്‍പാലം എത്തിച്ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+