രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍
പാലക്കാട്: വടക്കഞ്ചേരിയില്‍ ദമ്പതികളെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്ത സംഘം പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രാത്രി കാറിലും ബൈക്കിലുമെത്തി ഹോണടിച്ച് ബഹളമുണ്ടാക്കിയ ശേഷം വീട്ടുകാരെ പുറത്തെത്തിക്കുകയായിരുന്നു.
സിനിമാ സ്റ്റൈലില്‍ നടന്ന കവര്‍ച്ചയ്ക്ക് വേണ്ടി അക്രമികള്‍ എത്തിയത് വ്യാജ നമ്പറിലുള്ള വാഹനത്തിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സമാന കവര്‍ച്ച നടത്തുന്ന സംഘത്തെ പിടികൂടിയതോടെയാണ്, അവരില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം പ്രതികളിലേക്ക് പോലീസ് എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സെപ്തംബര്‍ 22ന് രാത്രി ഒമ്പതു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി ചുവട്ടുപാടത്തുള്ള സാം പി ജോണിന്റെയും ഭാര്യ ജോളിയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്. ദേശീയ പാതയോട് ചേര്‍ന്നു നില്‍ക്കുന്നതിനാലാണ് പ്രതികള്‍ ഈ വീട് തന്നെ കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തതെന്ന് പോലീസ് മനസിലാക്കുന്നു. സ്വര്‍ണവും പണവും ഇവിടെ നിന്ന് കവര്‍ന്നു.

കാറിലും ബൈക്കിലുമാണ് അക്രമികള്‍ എത്തിയത്. നിരന്തരം ഹോണ്‍ മുഴക്കിയതോടെ എന്താണ് കാര്യമെന്ന് അറിയാന്‍ ദമ്പതികള്‍ വീടിന് പുറത്തിറങ്ങുകയായിരുന്നു. ഈ വേളയില്‍ ഇവരെ മര്‍ദ്ദിച്ച് നാലു പേര്‍ വീടിന് അകത്തു കടന്നു. രണ്ടു പേര്‍ വീടിന് പുറത്ത് മറ്റാരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ നിന്നു. തുടര്‍ന്ന് ദമ്പതികളെ മര്‍ദ്ദിച്ച് അവരാക്കി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.

സ്വര്‍ണവും പണവും ആഭരണങ്ങളുമെല്ലാം സൂക്ഷിച്ചുവച്ച സ്ഥലം ചോദിച്ചാണ് മര്‍ദ്ദിച്ചത്. 25 പവന്‍ നഷ്ടമായി എന്നാണ് പരാതി. കൂടാതെ 10000 രൂപയും കവര്‍ന്നു. ഇതിന് പുറമെ മറ്റു ആഭരണങ്ങളും അക്രമികള്‍ എടുത്തു എന്നാണ് സൂചന. ദമ്പതികളെ കെട്ടിയിട്ട ശേഷം പ്രതികള്‍ വീണ്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് അതിവേഗം രക്ഷപ്പെടുകയായിരുന്നു.

സിസിടിവി പരിശോധിച്ച് പ്രതികള്‍ വന്ന വാഹനങ്ങള്‍ പോലീസ് മനസിലാക്കി. തമിഴ്‌നാട്ടില്‍ നിന്ന് ഈ വാഹനങ്ങള്‍ കണ്ടെത്തി. വാഹനത്തിന്റെ നമ്പറുകള്‍ വ്യാജമായിരുന്നു. സമാനമായ കവര്‍ച്ച നടത്തുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് യഥാര്‍ഥ പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. രണ്ടു യുവതികളും നാല് പുരുഷന്മാരുമാണ് പ്രതികള്‍.

കവര്‍ച്ചാ സംഘത്തില്‍ സ്ത്രീകള്‍ ഉണ്ട് എന്ന വിവരമാണ് പോലീസിന് തുമ്പായത്. തമിഴ്‌നാട്ടുകാരാണെന്നും മൊഴി ലഭിച്ചു. തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് അന്വേഷണമെത്തിയത്. അതിനിടെ മധുരയില്‍ സമാനമായ മോഷണ കേസില്‍ ചിലര്‍ അറസ്റ്റിലായി. ഈ വിവരം ലഭിച്ച പോലീസ് പ്രതികളെ കുറിച്ച് വിശദമായി മനസിലാക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വടക്കഞ്ചേരി കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയതും പിടികൂടിയതും.

കേശവന്‍, പ്രഭു, അബ്ദുള്ള, തമിഴ് ശെല്‍വന്‍, യുവറാണി, യമുന റാണി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ കഴിഞ്ഞ രാത്രി വടക്കഞ്ചേരിയിലെത്തിച്ചു. ഇന്ന് തെളിവെടുപ്പ് നടത്തി. സേലം കേന്ദ്രീകരിച്ചുള്ള വലിയ കവര്‍ച്ചാ സംഘത്തിലെ കണ്ണികളാണ് പ്രതികള്‍ എന്ന് പോലീസ് സംശയിക്കുന്നു. മോഷണ വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. അതാണ് പോലീസിന് മുമ്പിലുള്ള അടുത്ത വെല്ലുവിളി. കേരളത്തില്‍ ഇതിന് മുമ്പ് പ്രതികള്‍ കവര്‍ച്ച നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications