പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ചൂട് 41 ഡിഗ്രി വരെ ഉയരുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതൊട്ടും ലഭിതമായ അവസ്ഥയായി കാണാൻ സാധിക്കില്ലെന്നും അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ഡോ ചിത്ര പറഞ്ഞു. പാലക്കാട് ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യചത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്.
മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. പ്രത്യേക കരുതൽ സ്വീകരിക്കണമെന്നും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. ധാരാളമായി വെള്ളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക,കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിർദ്ദേശങ്ങളും കശക്ടർ നൽകി.

അതേസമയം വോട്ടെടുപ്പ് ദിവസമാണ് നാളെ. ചൂട് മുന്നിൽ കണ്ട് വോട്ടിങ് കേന്ദ്രങ്ങളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പന്തൽ , കസേരകൾ, കുടിവെള്ളം, ഓ ആർ എസ് പാക്കറ്റുകൾ വോളണ്ടിയർമാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ബൂത്തുകളിൽ ഏറെ നേരം ക്യൂ നിന്ന് വോട്ട് ചെയ്യുന്നതിന് പകരം ബൂത്തിലെ തിരക്ക് അറിയാൻ പ്രത്യേക സംവിധാനവും പാലക്കാട് ഏർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലാ ഭരണകൂടം സജ്ജമാക്കിയ സംവിധാനം മുഖേന പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്ന് തന്നെ അറിയാന്‍ സാധിക്കുമെന്ന് കളക്ടർ അറിയിച്ചു. https://infopkd.gov.in ല്‍ സന്ദര്‍ശിച്ച അതാത് അസംബ്ലി നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്ത് തെരഞ്ഞെടുത്ത് ക്യൂ നിലവാരം മനസ്സിലാക്കാവുന്നതാണെന്ന് കളക്ടർ പറഞ്ഞു. മൊബൈല്‍ വഴി https://infopkd.gov.in ല്‍ സന്ദര്‍ശിച്ച് വെബ്‌സൈറ്റില്‍ മുകളിലായി കാണുന്ന ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആയിട്ടുള്ള ബി ക്യൂ എസ് അപ്ലിക്കേഷന്‍ ഉപയോഗിച്ചും ഓരോ പ്രാവശ്യവും വെബ്‌സൈറ്റ് സന്ദര്‍ശിക്കാതെ ക്യൂ നിലവാരം മനസ്സിലാക്കാം. പാലക്കാട് എന്‍ എൈ സി വിഭാഗമാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. ചൂട് കാലാവസ്ഥയില്‍ ക്യൂ നില പരിശോധിച്ച് വോട്ട് ചെയ്യാന്‍ പോവാന്‍ ഈ സംവിധാനം സഹായിക്കും.












Click it and Unblock the Notifications