പാലക്കാട് കത്തുന്ന ചൂട്; അതീവ ജാഗ്രത നിർദ്ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വരെ അവധി
പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മെയ് 3 വരെ ജില്ലയിൽ 41 ഡിഗ്രി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചൂട് തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടും. പകൽ സമയത്ത് ഏർപ്പെടുത്തിയ തൊഴിൽ നിയന്ത്രണം മെയ് 15 വരെ നീട്ടിയിട്ടുണ്ട്.
ജില്ലയില്‍ വ്യാഴാഴ്ച വരെ അഡീഷ്നൽ ക്ലാസുകളോ സമ്മർ ക്ലാസുകളോ പാടില്ലെന്ന് കലക്ടര്‍ ഉത്തരവിട്ടു. ചൂട് തുടരുകയാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധിയുടെ കാലാവധി നീട്ടുമെന്നും കലക്ടർ വ്യക്തമാക്കി. അവധിക്കാല ക്യാമ്പുകള്‍, ട്യൂട്ടോറിയലുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, അംഗണവാടികൾ തുടങ്ങിയവയ്ക്കെല്ലാം നിര്‍ദ്ദേശം ബാധകമാണ്.തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മെയ് രണ്ട് വരെയുള്ള കാലയളവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറും നടപടിയെടുക്കും.

ജില്ലാ - താലൂക്ക് ആശുപത്രികളിലെ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവരുടെ വാര്‍ഡുകളില്‍ ആവശ്യമായ ഫാനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടപടിയെടുക്കും. പഞ്ചായത്തിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും.
മറവിരോഗമുള്ളവര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും നല്‍കേണ്ട സംരക്ഷണം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആശ വര്‍ക്കര്‍മാര്‍ മുഖേന ബോധവത്കരണം നടത്തും. ആദിവാസി മേഖലകളില്‍ പ്രമോട്ടര്‍മാര്‍ വഴി ബോധവത്കരണം നടത്തും. അഗ്നിബാധ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ല അഗ്നിശമന സേന വിഭാഗത്തിനും നിര്‍ദേശമുണ്ട്. കായികപരിശീലനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഉറപ്പാക്കും. താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈര്‍പ്പം കൂടി ചേരുമ്പോള്‍ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജില്ലയിൽ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്. 1951 ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 2016 ഏപ്രിൽ 27 ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രിയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച പാലക്കാട് മുണ്ടൂരിൽ 42.6 ഡിഗ്രി ചൂടാണ് പാലക്കാട് മുണ്ടൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 123 വർഷത്തിനിടയിലെ തന്നെ ഏറ്റവും ഉയർന്ന ചൂടാണിത്.












Click it and Unblock the Notifications