കൊടും ചൂടിൽ നട്ടം തിരഞ്ഞ് പാലക്കാട്; ഭാരതപ്പുഴയും തൂതപ്പുഴയും വറ്റിവരണ്ടു, കുടിവെള്ള ക്ഷാമം രൂക്ഷം
പാലക്കാട്: വേനൽച്ചൂടിൽ ഉരുകുകയാണ് പാലക്കാട്. ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 2 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ചൂട് കൂടിയതോടെ ജില്ലയുടെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഭാരതപ്പുഴയും തൂതപ്പുഴയും വറ്റിവരണ്ടു. ഭരതപ്പുഴയിൽ താത്കാലിക തടയണകൾ നിർമ്മിച്ചെങ്കിലും ഇവടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. ഭാരതപ്പുഴയോടും തൂതപ്പുഴയോടും ചേർന്നുള്ള പരുതൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് ജനം. പുഴയിലെ ജലം വറ്റുന്നത് ടാങ്കറിലൂടെയുള്ള ജലവിതരണത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം തുടർന്നാൽ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയാണ് ജനങ്ങളും അധികൃതരും പറയുന്നത്.

ജോലി സമയം പുനഃക്രമീകരിച്ചു
വേനല്‍ കടുക്കുകയും ഉഷ്ണതരംഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വെയിലില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളുടേയും ജോലിസമയം പുനക്രമീകരിച്ചത് മെയ് 15 വരെ തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണം. തൊഴിലുടമകള്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വരെ അവധി
ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപനമുളള സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെ പ്രൊഫഷ്ണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള വിദ്യാദ്യാസ സ്ഥാപനങ്ങള്‍ക്കും സമ്മര്‍ ക്ലാസുകള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍ ,സ്‌കൂളുകളിലെ അഡീഷ്ണല്‍ ക്ലാസുകള്‍ എന്നിവയ്ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര കഴിഞ്ഞ ദിവസം മെയ് 2 വരെ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടിരുന്നു.
തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പുറമെ മെയ് രണ്ട് വരെയുള്ള കാലയളവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications