വധൂവരൻമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസ് എടുത്ത് പോലീസ്
പാലക്കാട്: വിവാഹ ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരൻമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധൂവരന്മാരുടെ അയൽവാസിയായ സുഭാഷിനെതിരെയാണ് കേസെടുത്തത്. ദേഹോപദ്രവമേല്‍പ്പിക്കല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‌ട്ട് നൽകാൻ വനിതാ കമ്മീഷൻ കൊല്ലങ്കോട് പോലീസിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്തായിരുന്നു വിവാദ സംഭവം നടന്നത്. പെണ്ണിനെ ആരതി ഉഴിഞ്ഞ് വീട്ടിൽ വിളക്ക് കൊടുത്ത് കയറ്റാൻ സമയം അയൽവാസിയായ സുഭാഷ് അപ്രതീക്ഷിതമായി പുറകിൽ നിന്നും ഇരുവരുടേയും തലകൾ കൂട്ടിമുട്ടിക്കുകയായിരുന്നു.

ആചാരമെന്ന പേരിലാണ് തലമുട്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ പെൺകുട്ടി വേദന കൊണ്ട് പുളയുകയും കരയുകയും ദേഷ്യത്തോടെ വീട്ടിലേക്ക് കയറി പോകുന്നതുമെല്ലാം കാണാമായിരുന്നു. ഇതോടെ വിഷയത്തിൽ കടുത്ത നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമായി. പിന്നാലെയാണ് വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. കേസിൽ വധൂവരൻമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.












Click it and Unblock the Notifications