റോഡുകളോട് കടുത്ത അവഗണന, കീഴാഴൂരില് വോട്ട് ബഹിഷ്കരിക്കാന്‍ പത്തോളം കുടുംബങ്ങള്‍!!
പട്ടാമ്പി: ഒരു നാട്ടിലെ കുറച്ച് കുടുംബങ്ങള്‍ വോട്ട് ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ്. പറഞ്ഞ് വരുന്നത് കീഴാഴൂരിലെ കുടുംബങ്ങളെ കുറിച്ചാണ്. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ കുറിച്ച് മറന്ന് തുടങ്ങിയ എന്ന് തോന്നിയപ്പോഴാണ് ഇവര്‍ കടുംകൈയ്ക്ക് ഒരുങ്ങുന്നത്. പട്ടാമ്പിയിലെ റോഡുകളോടുള്ള നിരന്തര അവഗണനയില്‍ പ്രതിഷേധിച്ചാണ് വോട്ടു ബഹിഷ്കരിക്കാന്‍ പത്തോളം കുടുംബങ്ങള്‍ ഒരുങ്ങുന്നത്. ഇവരെ സമാധാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 14ാം ഡിവിഷന് പരിധിയില്‍ വരുന്നതാണ് കീഴാരൂര്‍ ലൗലി കോര്‍ണര്‍. പ്രദേശത്തെ പത്ത് കുടുംബങ്ങളിലായി അമ്പതോളം വോട്ടര്‍മാരുണ്ട്. ഏത് സ്ഥാനാര്‍ത്ഥിക്കും ഇവര്‍ വോട്ട് ബഹിഷ്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. തങ്ങളുടെ പ്രദേശത്തെ റോഡുകളോട് കാണിക്കുന്ന അവഗണന ഇനിയും സഹിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനമല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. പിന്നെന്തിനാണ് വോട്ടു ചെയ്യുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.
സമ്മതിദാന അവകാശം ഇത്തവണ ബഹിഷ്കരിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ഇവിടെ വരുന്നവര്‍ക്ക് എല്ലാം ഈ റോഡിന്റെ അവസ്ഥ കാണാം. പലരും വാഹനങ്ങള്‍ കൊണ്ട് വീഴുന്ന അവസ്ഥ വരെയുണ്ട് ഈ റോഡില്‍. പല തവണ ചോദിച്ചപ്പോള്‍ കുതിരവട്ടം പപ്പു പറയുന്നത് പോലെ ഇപ്പോ ശരിയാക്കാം എന്ന മറുപടി മാത്രമാണ് കിട്ടുന്നത്. അടുത്ത് കേട്ട കാര്യം തെരഞ്ഞെടുപ്പായത് കൊണ്ട് നന്നാകാന്‍ പോകുന്നു എന്നൊക്കെയാണെന്ന് ഈ കുടുംബങ്ങള്‍ പറയുന്നു.

ഒരു പ്രത്യേക മുന്നണിയോട് ഈ കുടുംബത്തില്‍ ആര്‍ക്കും താല്പര്യമില്ല. ആരാണോ നല്ല കാര്യം ചെയ്യുന്നത് അവര്‍ക്ക് വോട്ട് ചെയ്യുക എന്നതാണ് ഇവരുടെ താല്പര്യം. പക്ഷേ റോഡിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. ആരാണോ നന്നാക്കുന്നത് അവര്‍ക്കാണ് വോട്ട്. കാലങ്ങളായി ഇവിടെയുള്ള ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. വിവേചനപൂര്‍വം അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ ഇതിലെ കടന്നുപോകുന്നുണ്ട്. റോഡിലെ തകര്‍ച്ച കാരണം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇതിന് പുറമേ വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനേ റോഡിന്റെ അവസ്ഥ കാരണം സമയമുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു.