പാലക്കാട്; ദുരഭിമാനക്കൊല;പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട് : ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എകെ ബാലൻ.അനീഷിന്റെ മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.. പ്രതികൾ നിലവിൽ റിമാൻഡിലാണ്. തുടർ നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമാക്കും. മുഖ്യമന്ത്രിയുമായി നാളെ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികളെ സംബന്ധിച്ച് അനീഷിന്റെ വീട്ടിൽ നിന്നും ലഭിച്ച പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പരാതി അന്വേഷിച്ച് നടപടി എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, അനീഷിന്റെ മാതാപിതാക്കൾ എന്നിവരെ കണ്ട് മന്ത്രി സംസാരിച്ചു.
അതേസമയം സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിനെ തള്ളിയിട്ടുവെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് അനീഷിനോടുള്ള വൈരാഗ്യമെന്ന് പ്രതികൾ മൊഴി നൽകി. അനീഷുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications