ബാബുവിന് അടുത്തെത്തി സൈനികൻ, ഭക്ഷണവും വെള്ളവും നൽകി, റോപ്പ് ഉപയോഗിച്ച് ഉയർത്തുന്നു
പാലക്കാട്: കേരള ചരിത്രത്തില്‍ ഒരാള്‍ക്ക് വേണ്ടിയുളള സമാനകളില്ലാത്ത രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്. കരസേനയുടെ സംഘത്തിന് ബാബുവിന് സമീപത്ത് എത്താനായി. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ചതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിക്കുന്നു. കരസേനയിലെ ബാല എന്ന ഉദ്യോഗസ്ഥനാണ് ബാബുവിനടുത്തെത്തിയത്. പാലക്കാട് മലമ്പുഴയിലെ കൂര്‍മ്പാച്ചി മലയില്‍ ആണ് കഴിഞ്ഞ 45 മണിക്കൂറുകളിലേറെയായി ബാബു കുടുങ്ങി കിടക്കുന്നത്. ആകെ 75 പേരടങ്ങുന്ന സംഘമാണ് മലയുടെ മുകളിലും താഴെയുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

റോപ് കെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ബാബുവിനെ രക്ഷപ്പെടുത്തി കഴിയുമ്പോൾ ചികിത്സ ഉറപ്പാക്കാൻ പാലക്കാട് മെഡിക്കല്‍ ടീമിന് ആവശ്യമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മെഡിക്കല്‍ സംഘം സജ്ജമാണ്. ഐവി ഫ്‌ളൂയിഡ് നല്‍കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ താഴെ ക്രമീകരിച്ചിട്ടുണ്ട്. പാലക്കാട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാകും. ആoമ്പുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Recommended Video
തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ് ബാബുവും മൂന്ന് സുഹൃത്തുക്കളും എലിച്ചിരം കുറുമ്പാച്ചി മല കയറാന്‍ ആരംഭിച്ചത്. ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്ക് വിശ്രമിച്ചു. എന്നാല്‍ ബാബു വിശ്രമിക്കാന്‍ നില്‍ക്കാതെ മുകളിലേക്ക് തന്നെ കയറി. തിരിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. മലയുടെ ഇടുക്കില്‍ കുടുങ്ങിയത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത് കൊണ്ട് ബാലുവിന് താന്‍ കുടുങ്ങിയ സ്ഥലത്തിന്റെ ചി്ത്രം സുഹൃത്തുക്കള്‍ക്കും പോലീസിനും അയക്കാനായത് സഹായകരമായി.
പോലീസും അഗ്നിശമന സേനയും വനംവകുപ്പും സ്ഥലത്ത് എത്തി. ബാബുവിനെ രക്ഷപ്പെടുത്താനുളള ശ്രമം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി. എങ്കിലും ബാബുവിന് സമീപത്ത് എത്താനോ ഭക്ഷണവും വെള്ളവും എത്തിക്കാനോ സാധിച്ചില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സൈന്യത്തിന്റെ സഹായം തേടിയത്. കരസേനയുടെ ഒരു യൂണിറ്റ് ബെംഗളൂരുവില്‍ നിന്നും മറ്റൊരു യൂണിറ്റ് ഊട്ടില്‍ നിന്നും എത്തി. എവറസ്റ്റ് കയറി പരിചയമുളളവരടക്കം സംഘത്തിലുണ്ടായിരുന്നു. രാത്രി അടക്കം രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ഒടുവില്‍ രാവിലെ ഒന്‍പതരയോടെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി.












Click it and Unblock the Notifications