ആവേശം ലേശം കൂടി, പൂവൻകോഴിയെ ലേലത്തിൽ പിടിച്ചത് 50,000 രൂപയ്ക്ക്
ലേലം വിളി ശരിക്കും അവസാനിച്ചതല്ല അവസാനിപ്പിച്ചതാണെന്നും അല്ലെങ്കിൽ ഒരു ലക്ഷം കിട്ടിയേനെയെന്നും സംഘാടകർ പറയുന്നു.

പാലക്കാട്: ഉത്സവ പറമ്പിലെ ലേലത്തിലെ ആവേശത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. 50 പൈസയുടെ മിഠായി പോലും 5000 രൂപയ്ക്ക് വിറ്റുപോകുന്നത്രയും ആവേശം ലേലത്തിൽ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ 'ആവേശം അൽപം കൂടിപ്പോയ' ലേലത്തെ കുറിച്ചുള്ള വാർത്തയാണ് കൗതുകം തീർക്കുന്നത്. പാലക്കാടാണ് സംഭവം, ഒരു പൂവൻ കോഴിയാണ് ലേലത്തിൽ വിറ്റ് പോയത്, അതും അരലക്ഷം രൂപയ്ക്കാണ്.
തച്ചമ്പാറ കുന്നത്തുകാവ് പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു ക്ഷേത്രം ഭാരവാഹികൾ ലേലം സംഘടിപ്പിച്ചത്. രാവിലെ ഏഴ് മണിക്ക് ലേലം തുടങ്ങി 12 വരെയായിരുന്നു ലേലം. കോഴിയെ ലേലത്തിൽ വെച്ചപ്പോൾ അയ്യായിരം രൂപ വരെ കിട്ടിയേക്കുമെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതീക്ഷ. ക്ഷേത്ര ഭാരവാഹികളുടെ കണക്ക് കൂട്ടൽ പോലും തെറ്റിച്ച് 50,000 രൂപയ്ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. കൂൾ ബോയ്സ് എന്ന ടീമാണ് ലേലം നേടിയത്.ലേലം വിളി ശരിക്കും അവസാനിച്ചതല്ല അവസാനിപ്പിച്ചതാണെന്നും അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്നും സംഘാടകർ പറയുന്നു.
10 രൂപയ്ക്കായിരുന്നുവത്രേ ലേലം വിളി തുടങ്ങിയത്. എന്നാൽ ലേലത്തിന്റെ ആവേശം മാത്രമല്ല പൂരം ഗംഭീരമായി നടക്കണമെന്ന ആഗ്രഹവും തങ്ങൾക്ക് ഉണ്ടായത് കൊണ്ടാണ് പണം നോക്കാതിരുന്നതെന്ന് പറയുകയാണ് ലേലം നേടിയവർ. അരലക്ഷത്തിന് സ്വന്തമാക്കിയ കോഴിയെ വളർത്താൻ തന്നെയാണ് ഉദ്ദേശമെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications