'സേവ് സിപിഐ'; പാലക്കാട് സിപിഐ വിമതരുടെ നേതൃത്വത്തിൽ പുതിയ സംഘടന
പാലക്കാട്: പുതിയ സംഘടന രൂപീകരിച്ച് പാലക്കാട്ടെ സി പി ഐ വിമതർ. സേവ് സി പി ഐ ഫോറം എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. 45 അംഗ കമ്മറ്റിയാണ് ഉള്ളത്. മുൻ സി പി ഐ ജില്ലാ കമ്മിറ്റി അംഗമായ പാലോട് മണികണ്ഠൻ ആണ് സംഘടനയുടെ സെക്രട്ടറി ആര്‍ രാധാകൃഷ്ണന്‍, കോടിയില്‍ രാമകൃഷ്ണന്‍ എന്നിവരാണ് അസിസ്റ്റന്‍റ് സെക്രട്ടറിമാർ.
പലകാരണങ്ങളാൽ പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരാണ് സംഘടനയുടെ ഭാഗമായത്.
സംശുദ്ധ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ അഴിമതയും എന്ന പേരിൽ കഴിഞ്ഞ ദിവസം വിമത വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് സെമിനാർ സംഘടിപ്പിച്ചിരുന്നു . സി പി ഐയിൽ നിന്നും രാജിവെച്ചതും നടപടി നേരിട്ടതുമായ 13 മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള 500 ഓളം പേരാണ് സെമിനാറിൽ പങ്കെടുത്തത്. പരിപാടിയിൽ വെച്ചായിരുന്നു പുതിയ സംഘടനയുടെ പ്രഖ്യാപനം. പുറത്താക്കിയാൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ മറ്റു പാർട്ടികളിൽ ചേരും എന്നത് വ്യാമോഹമാണ് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പഴയ പാർട്ടിയാക്കി മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നും പാലോട് മണികണ്ഠൻ പറഞ്ഞു.

സി പി ഐയുടെ ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് പുതിയ സംഘടനയിലെ നേതാക്കൾ ഉയർത്തിയത്. സിപിഐ ജില്ലാ നേതൃത്വം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷമായി ജില്ലാ സി പി ഐയിൽ വലിയ വിഭാഗീയത ഉടലെടുത്തിരുന്നു. തുടർന്ന് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ വിമതർ പ്രത്യേകയോഗം ചേർന്നിരുന്നു. ജില്ലാ സെക്രട്ടറിയ്ക്കെതിരായ അഴിമതി ആരോപണങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചർച്ച.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി പി എം നേതാക്കളെ പ്രചരണത്തിന് കൊണ്ടുവരാനായി മണ്ണാർക്കാട്ടെ സി പി ഐ സ്ഥാനാർഥി മൂന്ന് കോടി രൂപ നൽകിയതായിപ്പറയുന്ന ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ഇതാണ് പാർട്ടിയിലെ കലാപത്തിന് വഴിവെച്ചത്. അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ശബ്ദരേഖയെന്നായിരുന്നു നേതാക്കൾ കുറ്റപ്പെടുത്തിയത്.
അതേസമയം പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമതർ പുതിയ സംഘടന രൂപീകരിച്ചത് ജില്ല നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിഷയത്തിൽ സി പി ഐ നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.












Click it and Unblock the Notifications