പാലക്കാട് ചുമതല നൽകിയത് മുതിർന്ന നേതാക്കൾക്ക്; ചാണ്ടി ഉമ്മന് മറുപടിയുമായി വികെ ശ്രീകണ്ഠൻ
ചാണ്ടി ഉമ്മന് മറുപടിയുമായി വികെ ശ്രീകണ്ഠൻ എംപി. പാലക്കാട് തിരഞ്ഞെടുപ്പിൽ എല്ലാവരേയും സഹകരിപ്പിച്ചിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിച്ച മറ്റൊരു തിരഞ്ഞെടുപ്പ് സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മനടക്കം പാലക്കാട് എത്തി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'പാലക്കാട് മുതിർന്ന നേതാക്കൾക്കായിരുന്നു ചുമതല. നിരവധി പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം', അദ്ദേം പറഞ്ഞു.

അതേസമയം ചാണ്ടി ഉമ്മൻ സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ പരാതി നേതൃത്വം പരിഹരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 'ഞാൻ ബഹുമാനിക്കുന്ന ഏറ്റവും വലിയ നേതാവിന്റെ മകൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം എനിക്ക് സഹോദരതുല്യനാണ്. അദ്ദേഹത്തിന്റെ പരാതി നേതൃത്വത്തോട്. അത് നേതൃത്വം പരിഹരിക്കും. എനിക്ക് അക്കാര്യത്തിൽ ഒന്നും പറയാനില്ല.
ചാണ്ടി ഉമ്മൻ പാലക്കാട് എത്തിയിരുന്നു. നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമായിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും നടന്നത് പോലെയായിരുന്നില്ല പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ്. പാലക്കാട് തിരഞ്ഞെടുപ്പിനൊപ്പം തന്നെ മറ്റ് രണ്ടിടങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ നേതാക്കളും എല്ലാദിവസവും പാലക്കാട് കേന്ദ്രീകരിച്ചിരുന്നില്ല. ചാണ്ടി ഉമ്മൻ വയനാടും ചേലക്കരയും പോയിട്ടുണ്ട്. അദ്ദേഹം മഹാരാഷ്ട്രയിലും പോയിട്ടുണ്ട്', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്കൊഴിച്ച് എല്ലാവർക്കും നേതൃത്വം ചുമതലകൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ ഉയർത്തിയ പരാതി.
'എന്തുകൊണ്ടാണ് തന്നെ മാത്രം വിളിക്കാതിരുന്നതെന്ന് അറിയില്ല. വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്ക് താത്പര്യമില്ല. പാർട്ടിയിൽ ചിലരെ മാറ്റി നിർത്തുകയും ചിലരെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സംഘടന എല്ലാവരേയും ചേർത്ത് നിർത്തി മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. അത്തരത്തിൽ മാറ്റി നിർത്തുന്നതിന്റെ ഉത്തരവാദിത്തം കെ പി സി സി അധ്യക്ഷന്റെ മാത്രം തലയിൽ ഇടുന്നത് അതിന്റെ മറുപടി അല്ല. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോയാൽ മാത്രമേ സംഘടന മികച്ച രീതിയിൽ പ്രവർത്തിക്കൂ. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. ', എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ.












Click it and Unblock the Notifications