ഷാഫി പറമ്പിലിന് ബിജെപി ബന്ധമെന്ന് സദ്ദാം ഹുസൈന്‍; 'റിയല്‍ എസ്‌റ്റേറ്റ് ഇടപാട് അന്വേഷിക്കണം'
പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. പാലക്കാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സദ്ദാം ഹുസൈന്‍ ആണ് എംഎല്‍എയ്ക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അന്വേഷിക്കണമെന്നും സദ്ദാം ഹുസൈന്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദമാണ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. സദ്ദാം ഹുസൈന്‍ വീണ്ടും നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ നോമിനേഷന്‍ ഒരു മണിക്കൂറിനകം തള്ളി എന്നാണ് ആരോപണം. ഇത് എ ഗ്രൂപ്പിന് മണ്ഡലം പ്രസിഡന്റ് പദവി പിടിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് എന്ന് സദ്ദാം ഹുസൈന്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍ ശ്രമിക്കുന്നുവെന്ന് സദ്ദാം ഹുസൈന്‍ ആരോപിച്ചു. ''നിലവില്‍ പാലക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. മണിക്കൂര്‍ തികയുംമുമ്പ് തന്റെ നാമനിര്‍ദേശ പത്രിക തള്ളി. ഷാഫി പറമ്പിലിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍...
കഴിഞ്ഞ കാലങ്ങളില്‍ ആര്‍എസ്എസ്, ബിജെപി, സിപിഎം എന്നീ പാര്‍ട്ടികള്‍ക്കെതിരെ നിരന്തരം ഞാന്‍ സമരം നടത്തിയിരുന്നു. ഐ ഗ്രൂപ്പില്‍ നിന്നാണ് കഴിഞ്ഞ തവണ ഞാന്‍ ജയിച്ച് പ്രസിഡന്റായത്. എ ഗ്രൂപ്പ് ഇതുവരെ പാലക്കാട് നിയോജക മണ്ഡലം പിടിച്ചിട്ടില്ല. ഇത്തവണ അതിന് വേണ്ടിയാണ് ഈ അട്ടിമറി നടത്തിയിരിക്കുന്നത്...
ഞങ്ങള്‍ ബിജെപിക്കെതിരെ സമരം സംഘടിപ്പിക്കുമ്പോള്‍ ഷാഫി പറമ്പില്‍ വിയോജിക്കുകയാണ് ചെയ്തത്. അതിന്റെ ഭാഗമാണ് എനിക്കെതിരെ നീങ്ങിയത്. എംഎല്‍എയുടെ ഓഫീസില്‍ നിന്നാണ് 1000 രൂപ അടച്ച് എനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ കമ്മിറ്റിക്കും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്തത്'' - സദ്ദാം ഹുസൈന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഷാഫി പറമ്പില്‍. അദ്ദേഹത്തിന്റെ തട്ടകമായ പാലക്കാട് നിന്നു തന്നെ വിമര്‍ശനം ഉയരുന്നത് വലിയ വെല്ലുവിളിയാകും. ഇതുവരെ ഷാഫി പറമ്പില്‍ സദ്ദാം ഹുസൈന്റെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. എ, ഐ ഗ്രൂപ്പുകളുടെ പോരിന്റെ ഫലം കൂടിയാണ് പുതിയ വിവാദം. എ ഗ്രൂപ്പിന്റെ നോമിനേഷന്‍ സ്വീകരിക്കുകയും തന്റേത് തള്ളുകയും ചെയ്തതാണ് സദ്ദാം ഹുസൈനെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications