ഷാജഹാൻ വധക്കേസ് പ്രതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
പാലക്കാട്: സി പി എം മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട് ഷാജഹാനെ വധിച്ച കേസിലെ ഒന്നാം പ്രതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് വടക്കേത്തറ നയനയിൽ നവീൻ (41) ആണ് മരിച്ചത്.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഷാജഹാൻ വധക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നവീൻ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഇയാൾ കഴിഞ്ഞിരുന്ന മഡിവാളയിലെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസമായി നവീന്റെ വിവരം ഉണ്ടായിരുന്നില്ല. ഫോൺ വിളിച്ച് നോക്കിയെങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിലാണ് നവീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചൊവ്വാഴ്ച ബെംഗളൂരുവിലുളള ആശുപത്രിയിലെത്തി.

2022 ഓഗസ്റ്റ് 14-നാണ് സി പി എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.കേസില്‍ 12 പ്രതികളാണ് ആകെയുള്ളത്. കേസിലെ 12-ാം പ്രതി ബിജു 2023 ഏപ്രില്‍ 16-ന് ഹൃദയാഘാതംമൂലം മരിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളെല്ലാവരും തന്നെ നിലവിൽ ജാമ്യത്തിലാണ്.












Click it and Unblock the Notifications