സിദ്ധാർത്ഥിന്‍റെ മരണം; പ്രധാന പ്രതി അഖിൽ പിടിയിൽ, കസ്റ്റഡിയിലെടുത്തത് പാലക്കാട് നിന്ന്
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെഎസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി പിടിയിൽ. മുഖ്യപ്രതി അഖിലാണ് പിടിയിലായത്. ഇയാളെ പാലക്കാട് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കേസിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്.അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആർ.ഡി.ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ബുധനാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം കേസിൽ ഇപ്പോഴും 12 പേർ ഒളിവിലാണ്. സ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കമുള്ളവരാണ് ഒളിവിൽ കഴിയുന്നത്. ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പുറത്താക്കിയതായി എസ് എഫ് ഐ അറിയിച്ചു. വിദ്യാർത്ഥിയുടെ മരണം സംഘടനയുടെ തലയിൽ കെട്ടിവെകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി.
രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ എസ് സിദ്ധാർഥൻ (20) ആണ് ആത്മഹത്യ ചെയ്തത്. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തതിനാണ് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് ആരോപണം.ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ വെച്ച് നഗ്നനാക്കിയായിരുന്നു മർദനം. ബെൽറ്റ് കൊണ്ടും ഇരുമ്പ് കമ്പിയും വയറും ഉപയോഗിച്ച് മർദ്ദിച്ചതായും പരാതിയുണ്ട്. സിദ്ധാർത്ഥിന് ക്രൂരമായ മർദ്ദനം ഏറ്റതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്.
അതിനിടെ പോലീസിനെതിരെയും സി പി എമ്മിനെതിരേയും സിദ്ധാർത്ഥിന്റ് കുടുംബം രംഗത്തെത്തി. പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്നും പിടികൂടിയ ആറു പേരിൽ പ്രധാന പ്രതികൾ ഇല്ലെന്നും കുടുംബം ആരോപിച്ചു. കൊളേജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുടുംബം പറഞ്ഞു.












Click it and Unblock the Notifications