'കൃഷ്ണൻകുട്ടിയുടേത് ഊരുവിലക്കിന്‍റെ ഭൂതകാല തികട്ടൽ';വൈദ്യുതി മന്ത്രിക്കെതിരെ കോൺഗ്രസ്
പാലക്കാട്: കോഴിക്കോട് തിരുവമ്പാടിയിൽ കെ എസ് ഇ ബി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയ സംഭവം ന്യായീകരിച്ച വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ കോൺഗ്രസ്. മന്ത്രിയുടെ നിലപാട് ഊരുവിലക്കിന്‍റെ ഭൂതകാല തികട്ടലാണെന്ന് പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ വിമർശിച്ചു. കെ എസ് ഇ ബിയുടെ നടപടി മനുഷ്യത്വ രഹിതമാണെന്നും സുമേഷ് അച്യുതൻ കുറ്റപ്പെടുത്തി.
'ചിറ്റൂരിലെ പെരുമാട്ടിയിൽ സ്വന്തം പാർട്ടിക്കാരല്ലാത്തവരെ ഊരുവിലക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശീലമാണ്. അത്തരം ശീലങ്ങൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടും മാറുന്നില്ലെന്നത് നിർഭാഗ്യകരമാണ്. മക്കൾ തെറ്റ് ചെയ്തെങ്കിൽ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടണമെന്നു പറയുന്നത് പ്രാകൃതമായ വാദമാണ്. മുതിർന്ന പൗരന്മാരോട് എൽ ഡി എഫ് സർക്കാർ പുലർത്തുന്ന സമീപനത്തിന് ഉദാഹരണമാണ് തിരുവമ്പാടിയിലെ നടപടികൾ', സുമേഷ് വിമർശിച്ചു.

അതേസമയം കെ എസ് ഇ ബി ഉദ്യോഗസ്ഥരെ അക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് കെ എസ് ഇ ബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യുമെന്നും ചെയർമാൻ വ്യക്തമാക്കി.
അതേസമയം തങ്ങളല്ല, കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് തന്നെയും സഹോദരനെയും ആക്രമിച്ചതെന്നാണ് കേസിെ പ്രതിയായ അജ്മലിന്റെ ആരോപണം. കമ്പ്യൂട്ടറും ഫർണിച്ചറും തകർത്തത് ഉദ്യോഗസ്ഥരാണെന്നും അജ്മൽ പറയുന്നു.
താൻ ജീവനക്കാർക്ക് മേൽ കറി ഒഴിച്ചെന്നത് സത്യമാണ്. എന്നാൽ ജീവനക്കാർ പറയുന്ന മറ്റ് ആരോപണങ്ങളെല്ലാം വ്യാജമാണ്. ഓഫിസ് ഉപകരണങ്ങളോ കമ്പ്യൂട്ടറോ തകർത്തിട്ടില്ല. അവർ സ്വയം അതൊക്കെ ചെയ്‌തതാണ്. കെഎസ്‌ഇബി ഡ്രൈവറാണ് ഗ്ലാസ് പൊളിച്ചത്. ഓഫീസിൽ ഞങ്ങൾ പോയത് മുതൽ ഉള്ള ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഉണ്ട്. അത് ഉദ്യോഗസ്ഥർ പിടിച്ചുവെച്ചിരിക്കുകയാണ്', അജ്മൽ പറഞ്ഞു












Click it and Unblock the Notifications