മൂന്നര പവന്റെ മാല പൊട്ടിച്ച് കടന്നു; യുവതിയടക്കം 3 പേർ പിടിയിൽ
പാലക്കാട്: കൽപാത്തി ചാത്തപുരത്ത് യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. എറണാകുളം ഇളമക്കര സ്വദേശി ഇമ്മാനുവേൽ, ഇയാളുടെ പെൺസുഹൃത്തായ കൊല്ലം സ്വദേശിനി ഫാത്തിമ, പാലക്കാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് വൈകിട്ട് ചാത്തപ്പുരം ജങ്ഷനിലായിരുന്നു സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മുണ്ടൂർ അകത്തേത്തറ സ്വദേശിയുടെ മൂന്നേമുക്കാൽ പവന്റെ സ്വർണമാല സ്കൂട്ടറിലെത്തിയ മൂവർ സംഘം പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.

സ്ഥിരം മോഷ്ടാവായ ഇമ്മാനുവലിനെ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയായ വിഷ്ണുവിനേയും കണ്ടെത്തി. വിഷ്ണുവിനെ ചോദ്യം ചെയ്തതോടെയാണ് ഫാത്തിമയെ കുറിച്ച് വിവരം ലഭിച്ചത്.
എറണാകുളത്തുനിന്നാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. ജില്ലയിലെ മറ്റേതെങ്കിലും മോഷണക്കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് റിമാന്റ് ചെയ്തു.












Click it and Unblock the Notifications