പാലക്കാട് വികെ ശ്രീകണ്ഠനോ അതോ എ വിജയരാഘവനോ? സർവ്വേ ഫലം ഇങ്ങനെ
പാലക്കാട് ഇത്തവണയും യു ഡി എഫ് തന്നെ നിലനിർത്തുമെന്ന് ട്വിന്റി ഫോർ ന്യൂസ് സർവ്വേ ഫലം. വി കെ ശ്രീകണ്ഠൻ 39.7 ശതമാനം വോട്ട് നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവന് 36.9 ശതമാനം വോട്ട് നേടാൻ സാധിക്കുമെന്നും സർവ്വേ പറയുന്നു. 22.1 ശതമാനം വോട്ട് ബി ജെ പി നേടുമെന്നും സർവ്വേ പറയുന്നു.
കേരളത്തിലെ ജനകീയ നേതാവ് ആരെന്ന ചോദ്യത്തിന് പിണറായി വിജയനെയാണ് പാലക്കാട് പിന്തുണച്ചത്. 49.1 ശതമാനം പേരാണ് മുഖ്യമന്ത്രിക്ക് വോട്ട് നൽകിയത്. അതേസമയം 23.8 ശതമാനം പേർ വി ഡി സതീശനേയും 14 ശതമാനം പേർോ രമേശ് ചെന്നിത്തലയേയും 9.5 ശതമാനം പേർ കെ സുരേന്ദ്രനേയും പിന്തുണച്ചു. എം വി ഗോവിന്ദന് 1.3 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

ജനകീയ ദേശീയ നേതാവായി രാഹുൽ ഗാന്ധിയെ ആണ് പാലക്കാട് തിരഞ്ഞെടുത്തത്. 46.8 ശതമാനം പേരാണ് രാഹുലിനെ പിന്തുണച്ചത്. നരേന്ദ്രമോദിയെ പിന്തുണച്ചത് 27 ശതമാനം പേരാണ്. രാജ്യം എൻഡിഎ ഭരിക്കുമെന്നാണ് പാലക്കാട് പറയുന്നത് 46.5 ശതമാനം പേർ ബി ജെ പി സർക്കാരിനെ പിന്തുണച്ചപ്പോൾ 33.5 ശതമാനം പേർ ഇന്ത്യ സഖ്യം ഭരണത്തിലേറുമെന്നാണ് അഭിപ്രായപ്പെട്ടത്.
അതേസമയം സി പി എമ്മിന്റെ ഉരുക്കുകോട്ടകളിൽ ഒന്നാണ് പാലക്കാട്. 1996 ന് ശേഷം തുടർച്ചയായി എൽ ഡി എഫാണ് ഇവിടെ ജയിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ അട്ടിമറി വിജയമായിരുന്നു യു ഡി എഫ് പാലക്കാട് നേടിയത്. വി കെ ശ്രീകണ്ഠനിലൂടെയാണ് കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണയും വിജയം ആവർത്തിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ സി പി എമ്മിന് അനുകൂലമാണ് മണ്ഡലത്തിലെ സാഹചര്യം എന്നാണ് എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ പറയുന്നത്. 'പാലക്കാടിനെ സംബന്ധിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനം കൂടുതലുള്ള ഇടമാണ്. അത്യപൂർവ്വം സന്ദർഭത്തിൽ മാത്രമാണ് വളരെ കുറഞ്ഞ വോട്ടുകൾക്ക് ഇടതുപക്ഷത്തിന് മണ്ഡലം നഷ്ടമായത്. കഴിഞ്ഞ തവണത്തേത് ഒരു സവിശേഷ അന്തരീക്ഷമായിരുന്നുവെന്നത്. ഇത്തവണ ആത്മവിശ്വാസം ഉയർന്ന നിലയിലാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications