കൊവിഡ് ബാധിച്ച രണ്ടര വയസുകാരിയെ കൈയ്യൊഴിഞ്ഞ് ആശുപത്രി; ചികിത്സ തേടി അമ്മയുടെ നെട്ടോട്ടം
പാലക്കാട്: കൊവിഡ് ബാധിച്ച രണ്ടര വയസുകാരിയെ സ്വകാര്യ ആശുപത്രിക്കാർ കൈയ്യൊഴിഞ്ഞതോടെ മകളുടെ ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങി അമ്മ. ഒലവക്കോട് നിന്നുള്ള കുട്ടിയെ പനിയെ തുടർന്ന് ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.അവിടെ എത്തിച്ചപ്പോൾ പ്രസവത്തിരക്ക് കാരണം കുട്ടിയെ തൃശ്ശൂരിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.

തൃശ്ശൂരിൽ നിരവധി ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും പ്രവേശനം കുട്ടിയില്ല. തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ കുഞ്ഞിനെ എത്തിക്കാൻ ആവശ്യപ്പെട്ടു. നിലവിൽ കുഞ്ഞ് ഇവിടെ ചികിത്സയിലാണ്.
അതേസമയം കൊവിഡ് ബാധിതരെ സ്വകാര്യ ആശുപത്രികൾ കയ്യൊഴിയുകയാണെന്ന പരാതി ശക്തമാണ്. രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞ് വിടുകയാണ് അധികൃതർ. അതേസമയം കൃത്യമായ ചികിത്സ ഉറപ്പാക്കുന്ന സ്വകാര്യ ആശുപത്രികളും ഉണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ കൊവിഡ് ബാധിതർക്കായി 8 വരെ കിടക്കകൾ നീക്കിവെച്ചിട്ടുണ്ട്. കൂടുതൽ നീക്കിവെക്കാനാകില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. മറ്റ് കേസുകൾ ഉള്ളതിനാൽ കൂടുതൽ കിടക്കകൾ മാറ്റിവെയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
അതേസമയം കൊവിഡ് രോഗികളെ തഴയുന്ന സ്വകാര്യ ആശുപത്രി നടപടികൾ പരിശോധിക്കുമെന്നും കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.












Click it and Unblock the Notifications