പാലക്കാട് വിജയം ഉറപ്പ്, പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് ഉണ്ടാകും, ഭൂരിപക്ഷം പ്രവചിക്കാനില്ലെന്ന് രാഹുൽ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മത്സരിക്കുമ്പോള്‍ താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. വിജയം ഉറപ്പാണെന്നും എന്നാല്‍ ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു.
ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു എന്നത് സാങ്കേതികം മാത്രമാണ്. പൊതുതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാറില്ലെന്നും രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പാലക്കാട് ആഗ്രഹിക്കുന്ന ഒരു ക്ലൈമാക്‌സ് ഉണ്ട്. പ്രതീക്ഷിക്കുന്ന ആ വിജയം യുഡിഎഫിന്റെ വിജയം. യുഡിഎഫിന് അനുകൂല കാലാവസ്ഥ ഇല്ലാതിരുന്ന തിരഞ്ഞെടുപ്പില്‍ പോലും നാലായിരത്തിന് അടുത്ത് ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് പാലക്കാട്. ആ തിരഞ്ഞെടുപ്പ് മാറ്റി നിര്‍ത്തിയാല്‍ ശക്തമായ വിജയങ്ങളാണ് ഉണ്ടായിട്ടുളളത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴും ഷാഫി പറമ്പിലിനോടാണ് തന്നെ താരതമ്യപ്പെടുത്തിയിട്ടുളളത്. അദ്ദേഹത്തിന്റെ പേര് അന്നും മോശമാക്കിയിട്ടില്ല എന്നാണ് കരുതുന്നത്. ഷാഫിയുടെ പേര് മോശമാക്കാത്ത എംഎല്‍എയാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയിലേക്കുളള കന്നിയങ്കമാണ് പാലക്കാട്ടേത്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് പോയത്. കോണ്‍ഗ്രസ് വിട്ട് ഇടത് ക്യാമ്പിലേക്ക് പോയ പി സരിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി എന്നത് കൊണ്ട് തന്നെ ഇത്തവണ പാലക്കാട് യുഡിഎഫിന് അഭിമാന പോരാട്ടം കൂടിയാണ്.












Click it and Unblock the Notifications