വടക്കഞ്ചേരി അപകടം;അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തിൽ മരണമടഞ്ഞവരുടെ കടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകുക.
പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.രാഷ്ട്രപതിയും അപകടത്തിൽ അനുശോചനം അറിയിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു 9 പേരുടെ മരണത്തിനിടയായ നാടിനെ നടുക്കിയ അപകടം നടന്നത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസായിരുന്നു അപകടത്തിൽ പെട്ടത്. വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറിയ ശേഷം ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.
വാഹനാപകടം മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും : മന്ത്രി എംബി രാജേഷ്
വടക്കഞ്ചേരി വാഹനാപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവർ ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കും. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതാ നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ആശുപത്രിയിൽ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മരിച്ച സ്കൂൾ വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഒരുമിച്ച് എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.മൂന്ന് എറണാകുളം സ്വദേശികൾ, ഒരു കൊല്ലം സ്വദേശി എന്നിവരുടെ മൃതദേഹമാണ് ജില്ലാ ആശുപത്രിയിലുള്ളത്. രണ്ട് വിദ്യാർത്ഥികൾ, ഒരു അധ്യാപകൻ, രണ്ട് കെ.എസ്.ആർ.ടി.സി. യാത്രക്കാർ ഉൾപ്പടെ അഞ്ച് പേരുടെ മൃതദേഹമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിലുള്ളത്.
ജില്ലാ ആശുപത്രിയിൽ മൂന്ന് വിദ്യാർത്ഥികളുടേയും ആലത്തൂരിൽ രണ്ട് വിദ്യാർത്ഥികളുടേയും അധ്യാപകന്റേയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരുടെ ചികിൽസയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണനും അറിയിച്ചു.' വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും വിദ്യാർത്ഥികൾ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ ഏറെ വേദനാജനകമായിരുന്നു.പരിക്കേറ്റവരുടെ ചികിൽസയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.മരണപ്പെട്ട കുട്ടികളുടെയും അധ്യാപകന്റെയും മറ്റു യാത്രക്കാരുടെയും വേർപാടിൽ അതിയായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications