'വിവാദപ്പെട്ടി അടക്കില്ല, മാനനഷ്ടക്കേസ് കൊടുക്കും'; രാഹുൽ മാങ്കൂട്ടത്തിൽ
ട്രോളിയിൽ കള്ളപ്പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനഹിതത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സി പി എം നടത്തിയതെന്നും പെട്ടിക്കകത്തും ഇവർ ഉന്നയിക്കുന്ന രാഷ്ട്രീയത്തിനകത്തും ഒന്നുമില്ലെന്ന് പാലക്കാട് ജനത തിരിച്ചറിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
' ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറ്റൊന്നായിരുന്നുവെങ്കിലോ?, ജനങ്ങൾ പ്രബുദ്ധരാണെന്ന ബോധം സി പി എമ്മിനും ബി ജെ പിക്കും വേണ്ടം. ബി ജെ പി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പാലക്കാട്. അവിടെ വിജയിക്കാൻ ഏത് ഹീനമായ വഴിയും അവർ നോക്കും. എന്നാൽ ബി ജെ പിയെ ജയിപ്പിക്കാൻ സി പി എം എന്തിനാണ് ഇറങ്ങിത്തിരിച്ചത്. മന്ത്രിയും മന്ത്രിയുടെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമാണ് ട്രോളി വിവാദം. പെട്ടി വിവാദം സി പി എം മടക്കിയാലും ഞങ്ങൾ മടക്കില്ല. ഈ വിഷയത്തിൽ മാനനഷ്ട കേസ് കൊടുക്കും. അതുകൂടാതെ ബിന്ദു കൃഷ്ണയും ഷാനി മോൾ ഉസ്മാനും നൽകിയ പരാതിയിൽ നിന്നും ഞങ്ങൾ പിന്നോട്ട് പോകില്ല', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം പാലക്കാട് പാതിരാനാടകം നടത്തിയ മന്ത്രി എം ബി രാജേഷ് ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. 'സർച്ച് വാറണ്ട് ഇല്ലാതെയാണ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയത്. കോൺഗ്രസനെതിരെ 6 വിവാദങ്ങളാണ് സി പി എം ഉന്നയിച്ചത്. അതും മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ട്. ഞങ്ങളെ തോൽപ്പിച്ച് ബി ജെ പിയെ ജയിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു സി പി എം നടത്തിയത്', വി ഡി സതീശൻ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന് വേണ്ടി ട്രോളിയിൽ കളളപ്പണം കൊണ്ടുവന്നുവെന്നെന്നായിരുന്നു സി പി എം ആരോപണം. കോൺഗ്രസ് സ്ഥാനാർത്ഥി താമസിച്ച ഹോട്ടലിലേക്ക് നീല ട്രോളി ബാഗിൽ പണം കടത്തി എന്നാരോപിച്ച് കോൺഗ്രസിന്റെ വനിത നേതാക്കളടക്കം താമസിച്ച മുറികളിൽ അർധരാത്രയോടെ പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഭവം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു.












Click it and Unblock the Notifications