പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മേതിൽ ദേവിക സിപിഎം സ്ഥാനാർത്ഥിയാകുമോ? ചർച്ച നടത്തി നേതൃത്വം
പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയ്ക്കായി തലപുകഞ്ഞ് സി പി എം. നിലവിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് സി പി എം. എന്നാൽ ശക്തനായ സ്ഥാനാർത്ഥി ഇറങ്ങിയാൽ മണ്ഡലത്തിൽ വലിയ ചലനം ഉണ്ടാക്കാമന്ന വിലയിരുത്തൽ സി പി എമ്മിന് ഉണ്ട്. ഈ സാഹചര്യത്തിൽ
ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇറക്കിയുള്ള പരീക്ഷണത്തിന് സി പി എം തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന.
പൊതുസമ്മതരായ സ്വതന്ത്രർ ഇറങ്ങിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നർത്തകി മേതിൽ ദേവിക അടക്കമുള്ളവരുമായി സി പി എം ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അവർ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. സ്വതന്ത്രർ പാർട്ടിക്ക് തലവേദന തീർക്കുന്ന ഈ ഘട്ടത്തിൽ വീണ്ടും അത്തരമൊരു തെറ്റ് ആവർത്തിക്കണമോയെന്ന ചോദ്യങ്ങളും പാർട്ടിയിൽ ഉണ്ട്.

സ്വതന്ത്രർ അല്ലെങ്കിൽ യുവാക്കൾ ഇറങ്ങട്ടെയെന്നാണ് ഒരു വിഭാഗം പറയുന്നത്. പാർട്ടിയുടെ തീപ്പൊരി നേതാക്കളിൽ ഒരാളായ എം സ്വരാജിനെ പാലക്കാട് എത്തിച്ച് മത്സരിപ്പിക്കാൻ സിപിഎം തയ്യാറാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. സ്വരാജ് ഇല്ലെങ്കിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ എവി ഗോപിനാഥനെ പരീക്ഷിക്കുമോയെന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. നേരത്തേ സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് ഗോപിനാഥുമായി സി പി എം ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചതെന്നായിരുന്നു വാർത്തകൾ.
അതേസമയം മറുവശത്ത് കോൺഗ്രസിലും യുവാക്കളുടെ പേരാണ് ചർച്ചയാകുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നറുക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. മുൻ പാലക്കാട് എം എൽ എ ആയിരുന്ന ഷാഫി പറമ്പലിന്റെ പിന്തുണ രാഹുലിനാണ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ഷാഫി രാഹുൽ പ്രതികരിച്ചത്.
ബി ജെ പിയിൽ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രന്റെ പേരിന് മുൻതൂക്കമുണ്ട്. ആലപ്പുഴയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കുത്തനെ വോട്ടുയർത്തിയ ശോഭയ്ക്ക് പാലക്കാട് ബിജെപി വോട്ടുകൾ തൂത്തുവാരാനാകുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. എന്നാൽ സംസ്ഥാന അധ്യക്ഷനടക്കം ശോഭ വരുന്നതിനോട് താത്പര്യമില്ല. ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായമാകും. കോൺഗ്രസ് മണ്ഡലത്തിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബി ജെ പി. ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications