ഭർത്താവുമായി ഫോണിൽ വഴക്കിട്ട് തീകൊളുത്തിയ യുവതി മരിച്ചു; കുട്ടികൾ ആശുപത്രിയിൽ
പാലക്കാട്: വല്ലപ്പുഴയിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന ( 30) ആണ് മരിച്ചത്. ഇവരുടെ മക്കളായി നിഖ (12), നിവേദ ( 8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് ബീന തീകൊളുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. ഭർത്താവ് പ്രദീപ് ജോലി സംബന്ധമായി വടകരയിലാണ് താമസം. രണ്ട് മാസം കൂടുമ്പോൾ മാത്രമെ നാട്ടിൽ വരാറുള്ളൂ. ഇന്ന് പുലർച്ചെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ പുലർച്ചെ 2. 30 ഓടെ ബീന കിടപ്പുമുറിയിൽ തീകൊളുത്തുകയായിരുന്നു.

വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ വെച്ചായിരുന്നു ബീന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. മൂന്ന് പേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും ബീനയെ രക്ഷിക്കാൻ സാധിച്ചില്ല. മകൻ നിഖയ്ക്ക് 90 ശതമാനം പൊള്ളൽ ഏറ്റിട്ടുണ്ട്. നിവേദയുടെ പരുക്ക് ഗുരുതരമല്ല
ബീനയുടെയും പ്രദീപിന്റെയും പ്രണയ വിവാഹം ആയിരുന്നു. പ്രദീപിൻറെ അച്ഛൻ രാമനും അമ്മ ചന്ദ്രമതിയും അനിയൻ പ്രജിത്തും ഭാര്യ സ്നേഹയും ഈ വീട്ടിൽ തന്നെയാണ് താമസം. സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications