• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡിനേക്കാളും നിപയേക്കാളും മാരകമായ ഒരു വൈറസ്, പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അശോകൻ ചരുവിൽ

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദുരഭിമാനക്കൊലയിൽ യുവതിയുടെ അച്ഛനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ രംഗത്ത് വന്നു.

അശോകൻ ചരുവിലിന്റെ കുറിപ്പ്: '' മതരാഷ്ട്രീയത്തിൻ്റെ അകമ്പടിയോടെ തിരിച്ചെത്തുന്ന ജാതിഭ്രാന്ത്. മകളെ പ്രണയിച്ചു വിവാഹം ചെയ്ത ഇതര ജാതിക്കാരനായ യുവാവിനെ വെട്ടിക്കൊന്ന പാലക്കാട്ട് കുഴൽമന്ദത്തെ അച്ഛനും അമ്മാവനും കേരളത്തിൻ്റെ വർത്തമാനകാല ജീവിതാവസ്ഥയെ വെളിവാക്കുന്നു. കോവിഡിനേക്കാളും നിപയേക്കാളും മാരകമായ ഒരു വൈറസ് മലയാളമണ്ണിൻ്റെ മനസ്സാക്ഷിയിലേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. നവോത്ഥാനത്തിൻ്റെ വെളിച്ചത്തിൽ കേരളത്തിൽ നിന്ന് അകന്നു നിന്നിരുന്ന മതരാഷ്ട്രീയത്തിൻ്റെ വൈറസ് ആണത്.

ആർഎസ്എസ്. ഉദ്ദീപിപ്പിക്കുന്ന മതഭ്രാന്ത് ജാതിമേധാവിത്ത ഭ്രാന്തായിട്ടാണ് ഇവിടെ അഴിഞ്ഞാടുന്നത്. അത് സ്വാഭാവികമാണ്. കാരണം അവരുടെ വ്യാഖ്യാനത്തിലെ മതം വർണ്ണവ്യവസ്ഥയിൽ അധിഷ്ടിതമാണല്ലോ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മതേതര ഇടതുപക്ഷമാണ് ഇവിടെ വിജയിച്ചത്. അതിന് മുമ്പു നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മറ്റൊരു മതേതര മുന്നണി വിജയം നേടി. മതരാഷ്ട്രവാദികൾക്ക് ഇന്നും നാമമാത്രമായ പ്രാതിനിധ്യമേ നമ്മുടെ സഭകളിലുളളൂ. പക്ഷേ, തെരഞ്ഞെടുപ്പുകളിലെ വിജയക്കണക്കുകൾക്ക് അപ്പുറത്ത് നിൽക്കുന്ന ചില ദുരവസ്ഥകൾ ഉണ്ട്.

കായലിൽ കലരുന്ന വിഷം പോലെയാണ് വർഗ്ഗീയരാഷ്ട്രീയത്തിൻ്റെ സാന്നിദ്ധ്യം. അതു കുറച്ചു മതി. ഭൂരിപക്ഷത്തിൻ്റെ പിന്തുണയൊന്നും ആവശ്യമില്ല. ഭൂരിപക്ഷ ജനതയുടെ പിന്തുണയോടെയാണോ വിവേകാനന്ദൻ വന്ന കാലത്ത് കേരളം ജാതിഭ്രാന്താലയമായി നിലനിന്നത്? അല്ല. ഒരു വർഗ്ഗീയ ഭീകരകക്ഷി രാജ്യം ഭരിക്കുന്നു എന്നത് ചെറിയ പ്രശ്നമല്ല. അത്തരം ഒരു കക്ഷിക്ക് ശ്രീനാരായണൻ്റെ കേരളത്തിൽ പത്തോ പതിനഞ്ചോ ശതമാനം വോട്ടു കിട്ടുന്നു എന്നതും നിസ്സാരമായി കാണരുത്. പ്രത്യക്ഷരാഷ്ട്രീയത്തിൽ അല്ല അതിൻ്റെ പ്രത്യാഘാതം പ്രധാനമായി ഉണ്ടാവുക. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലാണ്.

മനസ്സുകളെ സദാ നിർമ്മലീകരിച്ചു കൊണ്ടിരിക്കുന്ന ജനാധിപത്യവൽക്കരണ പ്രക്രിയ തടസ്സപ്പെടുകയാണ്. അപ്പോൾ അയൽക്കാർ തമ്മിൽ സംഘർഷമുണ്ടാകും. സമൂഹം ആൾക്കൂട്ടമാകും. വീട് സ്നേഹരഹിതമാകും. മകളെ പ്രണയിച്ച അന്യജാതിക്കാരനെ അച്ഛൻ കൊല്ലും. മകളെയും കൊന്നേക്കാം. സ്വന്തം വീട് കുഞ്ഞുങ്ങൾക്ക് അഭയകേന്ദ്രമല്ലാതായി മാറും. മകനോ, മകളോ, അച്ഛനോ, അമ്മയോ, അയൽക്കാരനോ അല്ല; മതവും അതിൻ്റെ ലഹരിയിൽ ഉണരുന്ന ജാതിഭ്രാന്തും ആണ് അവിടെ പ്രധാനം. കേരളത്തെ വീണ്ടെടുക്കണം''.

English summary
Writer Asokan Charuvil reacts to honour killing at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X