തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ യുവാവിന്റെ കൈ കുടുങ്ങി; പുറത്തെടുത്തത് കൈ മരവിപ്പിച്ച ശേഷം
പാലക്കാട്: തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടിങ്ങിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ഭൂതിവഴിയിലെ കൃഷിയിടത്തിൽ തേങ്ങ പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത് . മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൾ റൗഫിന്റെ കൈയാണ് അബദ്ധത്തിൽ യന്ത്രത്തിനകത്ത് കുടുങ്ങിയത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആൾ ഉടൻ തന്നെ യന്ത്രം ഓഫാക്കിയെങ്കിലും കൈ മുട്ടടക്കം യന്ത്രത്തിന്റെ അകത്തേക്ക് പോയി.
മൂന്ന് മണിക്കൂറിലധികം സമയം എടുത്താണ് ഇദ്ദേഹത്തിന്റെ കൈ പുറത്തെടുത്തത്. ശനിയാഴ്ച രാവിലെയാണ് ഈ സംഭവം. സമീപത്ത് ഉള്ള വർക്ക്ഷോപ്പ് ജീവനക്കാരും വെൽഡർമാരും എത്തിയാണ് യന്ത്രം പൊളിച്ചത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ കോട്ടത്തറ ആശുപത്രിയിലേക്ക് എത്തിച്ചു. കോട്ടത്തറ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റൗഫിന് പ്രാഥമിക ചികിത്സ നൽകുന്നതിനായി കോട്ടത്തറ ഹോസ്പിറ്റൽ സൂപ്രണ്ട് പത്മനാഭൻ അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡോക്ടർ മിഥുൻ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു . മരവിപ്പിച്ച ശേഷമാണ് റൗഫിന്റെ കൈ പുറത്തെടുത്തത്. വലതുകൈയുടെ വിരലുകൾക്കും കൈപ്പത്തിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹത്തെ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ് . ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന വിവരം.












Click it and Unblock the Notifications