മാമ്പഴവും പണവും മോഷ്ടിച്ചു; പതിനേഴുകാരനെ കെട്ടിയിട്ടിച്ച് മര്‍ദിച്ചു, 3 പേര്‍ക്കെതിരെ കേസ്
പാലക്കാട്: എരുത്തേമ്പതിയില്‍ മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദനമേറ്റത്. പരമശിവം, ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വണ്ണാമടയില്‍ മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. മരക്കഷ്ണവും ചെരിപ്പും ഉപയോഗിച്ചായിരുന്നു മര്‍ദനം.
ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. അതേസമയം പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് മര്‍ദിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്.സംഭവത്തില്‍ ഇന്നാണ് കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ അടിക്കരുതെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ യുവതി ഇതൊന്നും കാര്യമാക്കാതെ, കൗമാരക്കാരനെ ക്രൂരമായി തല്ലുന്നത് വീഡിയോയില്‍ കാണാം. മര്‍ദനത്തില്‍ കൗമാരക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. മരകഷ്ണവും ചെരിപ്പും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം.
ജ്യോതിമണി അടക്കമുള്ളവരെല്ലാം പരചരക്ക് കട നടത്തുന്നവരാണ്. സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി കടയില്‍ നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുന്നത് കണ്ടുവെന്നും, തുടര്‍ന്ന് യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. കുട്ടി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ സമാനമായ ഒരു സംഭവം എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ നടന്നിരുന്നു. പതിനാറുകാരന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പി കൊണ്ടും കത്രിക കൊണ്ടും അമ്മയും മുത്തശ്ശിയും പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഈ സംഭവം നടന്നത്. അതേസമയം പതിനാറുകാരന്റെ അമ്മയെയും അമ്മൂമ്മയെയും അമ്മയുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications