ചിട്ടി നടത്തി സ്വരൂപിച്ച തുകയുമായി സുഹൃത്തുക്കള്‍ പോയത് മരണത്തിലേക്ക്; ചിറ്റൂരില്‍ സങ്കടക്കടല്‍
ശ്രീനഗര്‍: കശ്മീരില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വിനോദയാത്ര സംഘത്തില്‍പ്പെട്ട നാല് പേരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്ക ഓഫിസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പാലക്കാട് ചിറ്റൂരില്‍ നിന്ന് പുറപ്പെട്ട 13 പേരുടെ സംഘത്തിലെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. സോജില ചുരത്തില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിലെ ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ശ്രീനഗര്‍ സ്വദേശിയാണ്. സോനാമാര്‍ഗിലേക്ക് രണ്ട് കാറുകളിലെത്തിയ സംഘം സ്‌കീയിംഗ് നടത്തി മടങ്ങുമ്പോള്‍ ചുരത്തില്‍ സീറോ പോയിന്റില്‍ വെച്ചായിരുന്നു അപകടം.

കാര്‍ റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു എന്ന് ഗന്ദേര്‍ബാല്‍ എസ് പി നിഖില്‍ ബോര്‍ക്കര്‍ പറഞ്ഞു. ഡ്രൈവര്‍ വാഹനത്തില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.
13 അംഗ സംഘം നവംബര്‍ 30 നാണ് ട്രെയിനില്‍ വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ചിട്ടി നടത്തിയാണ് വിനോദയാത്രക്കുള്ള പണം സ്വരൂപിച്ചത്. അഞ്ച് വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാറുണ്ട് എന്നാണ് വിവരം. ദല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം ഈ മാസം പത്തിന് തിരിച്ച് വരാനിരിക്കെയാണ് ദുരന്തം നാല് പേരുടെ ജീവന്‍ കവര്‍ന്നത്.
അതേസമയം പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സുഹൃത്തുക്കളും അയല്‍ക്കാരുമായ, ചിറ്റൂര്‍ നെടുങ്ങോട് രാജേന്ദ്രന്റെ മകന്‍ അനില്‍ (34), സുന്ദരന്റെ മകന്‍ സുധീഷ് (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ച മലയാളികള്‍. കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും മരിച്ചു.
മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മനോജിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സൗറയിലെ എസ് കെ ഐ എം എസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് രണ്ട് പേരും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. മരിച്ച രാഹുലിന്റെ സഹോദരനാണ് രാജേഷ്.
നിര്‍മാണത്തൊഴിലാളിയാണ് അനില്‍. ദൈവാനയാണ് അമ്മ. ഭാര്യ സൗമ്യ. സര്‍വേ ജോലി ചെയ്യുന്ന സുധീഷിന്റെ അമ്മ പ്രേമയാണ്. ഭാര്യ മാലിനി. രാഹുല്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ചന്ദ്രികയാണ് അമ്മ. ഭാര്യ നീതു. കടയിലെ ജീവനക്കാരനാണ് വിഘ്‌നേഷ്. അമ്മ: പാര്‍വതി.












Click it and Unblock the Notifications