ശബരിമലയിലെ കേടായ അരവണ നശിപ്പിക്കാന്‍ 1.15 കോടിയുടെ ടെന്‍ഡർ, ആകെ നഷ്ടം 7.80 കോടി രൂപ
പത്തനംതിട്ട: ഒടുവില്‍ ശബരിമലയിലെ കേടായ അരവണ നശിപ്പിക്കുന്നു. അരവണ നശിപ്പിക്കുന്നതിനുള്ള ടെന്‍ഡർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനിയാണ് അരവണ നശിപ്പിക്കുന്നതിനുള്ള കാരാർ ഏറ്റെടുത്തിരിക്കുന്നത്. 1.15 കോടിയുടേതാണ് കരാർ.
ടെന്‍ഡർ ഏറ്റെടുത്ത കമ്പനിയുമായി ദേവസ്വം ബോർഡ് അന്തിമ കരാറില്‍ ഒപ്പുവെക്കുന്നതോടെ അരവണ സന്നിധാനത്ത് നിന്നും നീക്കും. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീർത്ഥാടന കാലത്തിന് മുമ്പ് നശിപ്പിക്കാനാണ് തീരുമാനം. കേടായ അരവണ വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിലവില്‍ മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള വലിയ ഹാളിലാണ് കേടായ അരവണ സൂക്ഷിച്ചിരിക്കുന്നത്.

മൂന്ന് കമ്പനികളായിരുന്നു അരവണ നശിപ്പിക്കുന്നതിനായുള്ള ടെന്‍ഡറില്‍ പങ്കെടുത്തിരുന്നത്. മൂന്ന് കമ്പനികളില്‍ എറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനിയായിരുന്നു. 1.15 കോടിയുടെ കരാർ സഹിതം അരവണ നശിപ്പിക്കുന്നതിലൂടെ 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടാകുന്നത്.
അനുവദനിയമായതില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് കണ്ടതിനെതുടർന്നായിരുന്നു അരവണ വില്‍പ്പന സുപ്രീംകോടതി തടഞ്ഞത്. ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചതോടെ അരവണയില്‍ ചേര്‍ത്ത എലയ്ക്കയില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് തെളിയിക്കാന്‍ ഹർജിക്കാരന് സാധിച്ചില്ല. ഇതോടെ കേസ് തള്ളിപ്പോവുകയും ചെയ്തു. എന്നാല്‍ കാലതാമസം നേരിട്ടതിനാല്‍ വിവാദമായ അരവണ തീർത്ഥാടകർക്ക് നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
വില്‍പ്പന നടത്തിയിരുന്നെങ്കില്‍ 6.65 കോടി രൂപയായിരുന്നു ദേവസ്വം ബോർഡിന് വരുമാനമായി ലഭിക്കേണ്ടിയിരുന്നത്. കേടായ അരവണ എങ്ങനെ നശിപ്പിക്കും എന്നത് സംബന്ധിച്ച ആശയക്കുഴപ്പവും അരവണ നീക്കുന്നത് സംബന്ധിച്ച കാലതാമസത്തിലേക്ക് നയിച്ചു. വനത്തില്‍ നശിപ്പിക്കാനായിരുന്നു ആദ്യം ആലോചന എന്നാല്‍ വന നിയമങ്ങള്‍ ഇതിന് തടസ്സമായതിനാല്‍ ടെന്‍ഡറിലേക്ക് കടക്കുകയായിരുന്നു. ആദ്യ രണ്ട് ടെന്‍ഡറുകളിലും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മാത്രമായിരുന്നു പങ്കെടുത്തിരുന്നത് എന്നതിനാല്‍ മൂന്നാമതും ടെന്‍ഡർ നടത്തുകയായിരുന്നു.












Click it and Unblock the Notifications