352 കോടിയുടെ വികസന പ്രവർത്തനങ്ങള്‍; 24 ന് മുഖ്യമന്ത്രി കോന്നി മെഡിക്കല്‍ കോളേജ് സന്ദർശിക്കും
പത്തനംതിട്ട: കോന്നി: ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 24ന് മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു.മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ബോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.കോന്നി മെഡിക്കല്‍ കോളേജിലേക്ക് ആദ്യമായി എത്തുന്ന മുഖ്യമന്ത്രിയെ കോന്നി നാട് ഒന്നാകെ സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മെഡിക്കല്‍ കോളേജിലെത്തിയ എം.എല്‍.എ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി.
മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതായി എം.എല്‍.എ പറഞ്ഞു.കിഫ്ബി യില്‍ നിന്നും അനുവദിച്ച 352 കോടിയുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും നിര്‍മ്മിക്കുന്നത് 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടമാണ്.നിര്‍മ്മാണം പൂര്‍ത്തിയായാല്‍ നിലവിലുള്ള 300 കിടക്കകളുള്ള നിലവിലെ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കും.അതോടെ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളേജ് മാറും.

രണ്ടാം ഘട്ടത്തില്‍ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍ നിര്‍മ്മാണവും നടക്കുകയാണ്.ജൂണ്‍ മാസത്തില്‍ ഹോസ്റ്റലില്‍ കുട്ടികളുടെ പ്രവേശനം സാധ്യമാക്കത്തക്ക നിലയില്‍ വേഗത്തിലാണ് ഹോസ്റ്റല്‍ നിര്‍മ്മാണം നടക്കുന്നത്. ആണ്‍ കുട്ടികള്‍ക്ക് 5 നിലയിലും, പെണ്‍കുട്ടികള്‍ക്ക് 6 നിലയിലുമുള്ള ഹോസ്റ്റലാണ് പൂര്‍ത്തിയാകുന്നത്.
ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് 11 നിലകളുള്ള ഫ്‌ലാറ്റിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.നാല് ടവറുകളായാണ് ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നത്.160 ജീവനക്കാക്കും, കുടുംബാംഗങ്ങള്‍ക്കും ഫ്‌ലാറ്റില്‍ താമസ സൗകര്യമുണ്ടായിരിക്കും. ലോണ്‍ട്രി ബ്ലോക്കിന്റെ നിര്‍മ്മാണവും 80 ശതമാനം പൂര്‍ത്തിയായി. മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മോര്‍ച്ചറി, ആയിരം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം, പ്രിന്‍സിപ്പാളിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിര്‍മ്മിക്കുകയാണ്.
ഐസിയു
പീഡിയാട്രിക്ക് ഐ.സി.യു നിർമ്മാണം പൂർത്തീകരിച്ചു.എൽ.എച്ച്.എം ഫണ്ടിൽ നിന്നും 16 ലക്ഷം ഉപയോഗിച്ച് എച്ച്.എൽ.എൽ.ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
സർജിക്കൽ ഐ.സി.യുവിൻ്റെ ഇൻ്റീരിയൽ വർക്ക് പൂർത്തിയാക്കാൻ കെ.എം.എസ്.സി.ൽ നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.മെഡിക്കൽ ഐ.സി.യു.വിൻ്റെ നിർമ്മാണവും കെ.എം.എസ്.സി.ൽ ആണ് നടത്തുന്നത്.
സിടി സ്കാൻ
5 കോടി ചെലവഴിച്ചാണ് ജി.ഇ.ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി .ടി .സ്കാൻ സംവിധാനം മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയത്.ഇതോടെ രോഗനിർണ്ണയം വേഗത്തിൽ നടത്തി ആധുനിക ചികിത്സ രോഗികൾക്ക് ഉറപ്പാക്കാൻ കഴിയും. സി.ടി.സ്കാൻ മുറി, സി.ടി. പ്രിപ്പറേഷൻ മുറി, സി.ടി.കൺസോൾ, സി.ടി. റിപ്പോർട്ടിംഗ് മുറി, റേഡിയോളജി സ്റ്റോർ മുറി,. യു.പി.എസ് മുറി, ഡോക്ടർമാർക്കും, നേഴ്സിംഗ് ഓഫീസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കൂടി മെഡിക്കൽ കോളേജിലേക്ക് എത്തുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനും, സമയബന്ധിതമായി പൂർത്തീകരിക്കാനും കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.ആരോഗ്യ മന്ത്രി ഒന്നാം പരിഗണന നല്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.












Click it and Unblock the Notifications