ശബരിമലയില്‍ ഇത്തവണ ദർശനം നടത്തിയത് 50 ലക്ഷം പേർ: അഞ്ച് ലക്ഷം ഭക്തരുടെ വർധനവ്
പത്തനംതിട്ട: ശബരിമലയില്‍ ഇത്തവത്തെ തീർത്ഥാടന കാലയളവില്‍ ദർശനം നടത്തിയത് 50,06412 പേരെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇത് 44,16,219 ആയിരുന്നു.
5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിലും ഈ മണ്ഡല മകരവിളക്ക് കാലത്ത് വർദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശേഷം മലയിറങ്ങി പമ്പയിലേക്ക്.മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ചിരിക്കുന്നു. 2023-2024 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉൽസവം നന്നായി നടത്തുവാൻ സാധിച്ചതിൽ എല്ലാപേരോടുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നന്ദി രേഖപ്പെടുത്തുന്നു.

2023 നവംബർ 16 ന് (വൃശ്ചികം തലേന്ന്) ആരംഭിച്ച് 2024 ജനുവരി 21 ന് അവസാനിച്ച ഈ ശബരിമല തീർത്ഥാടന കാലയളവിൽ ലക്ഷക്കണക്കിന് ഭക്തരാണ് അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം നേടി മലയിറങ്ങിയത്. 50,06412 പേർ ഇക്കുറി ദർശനം നടത്തിയപ്പോൾ കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇത് 44,16,219 ആയിരുന്നു. 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിലും ഈ മണ്ഡല മകരവിളക്ക് കാലത്ത് വർദ്ധനയുണ്ട്.
ശബരിമല മഹോത്സവത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി തുടങ്ങിയിരുന്നു. ബഹുമാന്യനായ ദേവസ്വം വകുപ്പ് മന്ത്രിയുടെ ശ്രീ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലും നിരവധി യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തി.എല്ലാ വകുപ്പു മന്ത്രിമാരുടേയും ഉദ്യോഗസ്ഥൻമാരുടേയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു.മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ:അനന്തഗോപൻ നടത്തിയ പ്രവർത്തനങ്ങൾ വിസ്മരിക്കാൻ കഴിയില്ല.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ ശബരിമല തീർത്ഥാടനത്തിനെത്തിച്ചേരുന്ന അയ്യപ്പഭക്തർക്കായുള്ള അടിസ്ഥാന സൗകര്യ ക്രമീകരണങ്ങളും വിപുലമായ മറ്റ് ഒരുക്കങ്ങളും ശബരിമല, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പൂർത്തീകരിച്ചിരുന്നു.ശബരിമല സന്നിധിയിൽ എത്തിച്ചേർന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം പ്രദാനം ചെയ്യാൻ കഴിഞ്ഞതിൽ ദേവസ്വം ബോർഡിന് ചാരിദാർഢ്യമുണ്ട്.
2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണ്. (357,47,71,909 രൂപ)കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു.(347,12,16,884 രൂപ). ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്.കാണിക്ക കൂടി എണ്ണിക്കഴിയുമ്പോൾ ലഭിക്കുന്ന വരുമാനം 20 കോടിയലധികം വരുമെന്ന് പ്രതീക്ഷിക്കുന്നു.അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു.നിലയ്ക്കൽ, പമ്പ എരുമേലി എന്നിവിടങ്ങളിലെ വരുമാനം കൂടി കണക്കാക്കുമ്പോൾ ആകെ വരുമാനത്തിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകും.
ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ സംസ്ഥാന പൊലീസിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
റവന്യൂ,ആരോഗ്യം, ഫയർ ഫോർസ്,ട്രാൻസ്പോർട്ട്, ജലസേചനം, വൈദ്യുതി,വനം,എക്സൈസ്, ഭക്ഷ്യ സുരക്ഷ, മോട്ടോർ വാഹനം,സി ആർ പി എഫ്, എൻ ഡി ആർ എഫ്, ആർ എ എഫ്, വിശുദ്ധി സേന,പി ആർ പി സി മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ തലപ്പത്തുള്ളവർ മുതൽ താഴേത്തട്ടുവരെയുള്ള ജീവനക്കാരുടെ ആശ്രാന്ത പ്രവർത്തനത്തിൻ്റെ ഫലമാണീ വിജയം.ലോക്സഭാ ഇലക്ഷൻ ലക്ഷ്യം വെച്ച് ചിലർ നടത്തിയ വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് തീർഥാടനം സുഗമമാക്കാൻ കഴിഞ്ഞത് ഈ കൂട്ടായ്മയുടെ വിജയമാണ്..
എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി പിൻതുണച്ച ബോർഡ് മെമ്പർമാരായ ജി.സുന്ദരേശൻ അഡ്വ: എ.അജികുമാർ ദേവസ്വം സെക്രട്ടറി ജി ബൈജു ദേവസ്വം കമ്മിഷണർ സി എൻ രാമൻ ചീഫ് ഇൻജീനിയർ ആർ അജിത് കുമാർ എന്നിവർക്ക് നന്ദി. അയ്യപ്പഭക്തരുടെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കുവാൻ ഉറക്കമില്ലാതെ പ്രവർത്തിച്ച ദേവസ്വം ബോർഡിലെ എൻ്റെ പ്രിയപ്പെട്ട ജീവനക്കാരുടെ അത്യദ്ധ്വാനം മറക്കാൻ കഴിയില്ല.ദിവസ വേതനക്കാരുടെ സേവനവും വിസ്മരിക്കുന്നില്ല.
ക്ഷേത്രങ്ങളിലേയ്ക്കെത്തുന്ന വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നത് ഈ സർക്കാരിൻ്റെ നയമാണ്. അതു കൊണ്ട് തന്നെ വരും വർഷങ്ങളിൽ കൂടുതൽ മികച്ച സൗകര്യങ്ങളൊരുക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആത്മാർത്ഥമായി പരിശ്രമിക്കും.












Click it and Unblock the Notifications