നരബലി ഭവന സന്ദർശനത്തിന് 50 രൂപ: വ്യത്യസ്ത ബോർഡുമായി ഇലന്തൂരിലെ ഓട്ടോ ഡ്രൈവർ
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള സന്ദരർശകരുടെ ഒഴുക്കാണ്. വ്ലോഗർമാർ മുതല്‍ സാധാരണക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഞായറാഴ്ചയായതിനാല്‍ ഇന്ന് സന്ദർശകരുടെ തിരക്കുമേറി. ഇതോടെയാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് സ്റ്റിക്കർ പതിച്ചുള്ള സർവ്വീസുമായി ഇലന്തൂരിലെ ഒരു ഓട്ടോ ഡ്രൈവർ രംഗത്ത് എത്തിയിരിക്കുന്നത്. 'നരബലി ഭവന സന്ദർശനം, 50 രൂപ' എന്നാണ് സ്റ്റിക്കറില്‍ പതിച്ചിരിക്കുന്നത്. ഇലന്തൂർ ജങ്ഷന്‍ മുതല്‍ ഭഗവല്‍ സിങ്ങിന്റെ വീട് വരെയാണ് സർവ്വീസ്.

ഞായറാഴ്ചയായതിനാല്‍ ഒത്തിരി ആളുകള്‍ വന്ന് വഴി ചോദിച്ചിരുന്നു. അതിനാലാണ് ഇത്തരമൊരു ബോർഡ് എഴുതി വെച്ചതെന്നാണ് ഓട്ടോ ഡ്രൈവർ 24 ന്യൂസിനോട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഒട്ടം ഉണ്ടായിരുന്നെങ്കിലും ഇന്ന് ഇത് എഴുതി വെച്ചതിന് ശേഷം മാത്രം 1200 രൂപയുടെ ഓട്ടം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരം കാസർകോട് വരേയുള്ള ആളുകള്‍ ഇലന്തൂരിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കഴിച്ചുവെന്ന പ്രതികളുടെ മൊഴി പൊലീസിന് ലഭിച്ചു. ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയും ഭഗവൽ സിംഗുമാണ് മൃതദേഹം ഭക്ഷിച്ചത്. ലൈല ഇത് ഭക്ഷിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇലന്തൂരിലെ വീട്ടിൽ നിന്നും മാംസം പാചകം ചെയ്ത കുക്കർ പോലീസ് കണ്ടെടുത്തിരുന്നു. ഇതോടൊപ്പം തന്നെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റേയും തെളിവ് ലഭിച്ചു.












Click it and Unblock the Notifications