ശബരിമല തീര്‍ഥാടകന്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു: അപകടം ദർശനം കഴിഞ്ഞ് മടങ്ങവെ
പത്തനംതിട്ട: ശബരിമല തീർത്ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷില്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമണ്‍ കടവ് ക്ഷേത്രത്തോടുചേര്‍ന്ന പ്രദേശത്തായിരുന്നു അപകടം. നാട്ടിലേക്ക് മടങ്ങവെ സംഘം വാഹനം നിർത്തി പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
ഒമ്പത് പേരായിരുന്നു ആഷിലിനൊപ്പം ഉണ്ടായിരുന്നത്. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുളിക്കുന്നതിനിടെ ആഷില്‍ കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒഴുക്കില്‍പ്പെട്ട ആഷിലിനെ കാണാതാകുകയും ചെയ്തു. ഉടന്‍ തന്നെ റാന്നി പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു.

സുരക്ഷാ സേന നടത്തിയ പരിശോധനയിലും തുടക്കത്തില്‍ ആഷിലിനെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് മൃതദേഹം ലഭിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പാലായില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളത്താണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ ഓട്ടോ യാത്രികരായ രണ്ട് പേർക്കും കാർ യാത്രികരായ മൂന്ന് പേർക്കും പരിക്കേറ്റു.
ഒട്ടോയിലുണ്ടായിരുന്ന പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേല്‍ ജിഷ്ണു(29) എന്നിവർക്ക് സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശികളായ രവി (59), ഉഷ (55), പെണ്ണമ്മ (65) എന്നിവരെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications