രാജ്യത്തിന്റെ ആത്മാവിനെ അറിയാനുള്ള അവസരമാണ് വോട്ട് : കൈലാഷ്
പത്തനംതിട്ട: കഴിഞ്ഞ ആറുമാസത്തെ പത്രങ്ങളും, വാര്‍ത്തകളും ഒന്ന് വിശകലനം ചെയ്യൂ.... ഒരു നല്ല തീരുമാനമെടുക്കാന്‍ അത് മാത്രം മതി. ഏത് രാഷ്ട്രീയ പാര്‍ട്ടിയെ ഭരണചക്രം ഏല്‍പ്പിക്കണമെന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് സ്വീപ് ബ്രാന്‍ഡ് അംബാസഡറായ സിനിമാതാരം കൈലാഷിന്റേതായിരുന്നു ഈ മറുപടി.
സ്വീപ് ലോഗോയുടെ പ്രകാശനവും ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിര്‍വഹിച്ച ശേഷം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ആത്മാവിനെ അറിയാനുള്ള അവസരമാണ് വോട്ട്. ഒരു വ്യക്തി രാജ്യപുരോഗതിക്ക് നേരിട്ട് ഇടപെടുന്നത് വോട്ടിംഗിലൂടെയാണ്. വോട്ട് നമ്മുടെ അഭിപ്രായമാണ്. ആ അഭിപ്രായം വ്യക്തമായി പ്രകടിപ്പിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് ലോഗോ പ്രകാശനവും, ഹരിത തിരഞ്ഞെടുപ്പ് ലോഗോപ്രകാശനവും കൈലാഷ് നിര്‍വഹിച്ചു. കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ മാത്യു.പി.ജോസഫ് ലോഗോ ഏറ്റുവാങ്ങി. ഹരിത തിരഞ്ഞെടുപ്പ് ലോഗോ തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയല്‍ ഏറ്റുവാങ്ങി.

നമ്മുടെ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനുമുള്ള അടിസ്ഥാനം ജനാധിപത്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ മനസിലാക്കി പുതുതലമുറ വോട്ട് ചെയ്യണം. എല്ലാവരും വോട്ട് ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് സ്വീപ് പദ്ധതി നടത്തുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പിനാണ് ഇത്തവണ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിലേക്കുമായി ഇലക്ഷന്‍ കമ്മീഷന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് സ്വീപ്. ഇതിന്റെ നേതൃത്വത്തിലായിരിക്കും ജില്ലയിലുടനീളം തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്നതാണ് 2019 ലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ചടങ്ങില്‍ കാമ്പസ് അംബാസഡര്‍മാര്‍ക്കുള്ള ടാഗ് വിതരണം കൈലാഷ് നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സന്തോഷ്‌കുമാര്‍ തെരഞ്ഞെടുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം കാതോലിക്കേറ്റ് കോളേജില്‍ നിന്നും ആരംഭിച്ച വിളംബരജാഥ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് പള്ളി അങ്കണത്തില്‍ അവസാനിച്ചു. കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണം ലക്ഷ്യമിട്ട് നടത്തിയ ഫ്‌ളാഷ്‌മോബ് പള്ളി അങ്കണത്തില്‍ അരങ്ങേറി. വിളംബരജാഥയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മലങ്കര കാതോലിക്കേറ്റ് യൂത്ത് മൂവ്‌മെന്റ് കുടിവെള്ളവും ഓറഞ്ചും വിതരണം ചെയ്തു. വിരലില്‍ മഷി പുരട്ടാന്‍ ആഗ്രഹിച്ച കുട്ടിക്കാലം്
തെരഞ്ഞെടുപ്പ് ദിവസം അച്ഛന്റേയും അമ്മയുടേയും മുതിര്‍ന്നവരുടേയുമൊക്കെ വിരലില്‍ മഷി പുരട്ടിയിരിക്കുന്നത് കാണുന്നത് വലിയ കൗതുകമായിരുന്നെന്ന് സിനിമാതാരം കൈലാഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. അന്ന് വോട്ട് ചെയ്യുക എന്നതിനേക്കാള്‍ വലിയ ആഗ്രഹമായിരുന്നു തെരഞ്ഞെടുപ്പ് മഷി ഒന്ന് വിരലില്‍ തൊടാന്‍. പതിനെട്ട് വയസാകാന്‍ വേണ്ടി കാത്തിരുന്നത് രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു വോട്ട് ചെയ്യാനും, ലൈസന്‍സ് എടുക്കാനും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി കഴിഞ്ഞാല്‍ പിന്നെ നാട്ടിലൊക്കെ ആകെയൊരു ആഘോഷമാണ്. അനൗണ്‍സ്‌മെന്റും നോട്ടീസ് വിതരണവുമൊക്കെ ഇപ്പോഴും ഓര്‍മ്മകളിലുണ്ട്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമൊന്നും അറിയില്ലെങ്കിലും സ്ഥാനാര്‍ത്ഥിമാരുടെ വാഹനത്തിന്റെ ഒച്ച ദൂരെയെങ്ങാനും കേട്ടാല്‍ പിന്നെ ആകെയൊരു തുള്ളലാണ്. കൂട്ടുകാര്‍ക്കൊപ്പം വാഹനത്തിന്റെ പിന്നാലെ ഓടി നോട്ടീസ് എടുക്കുന്നതൊക്കെ വലിയ ഇഷ്ടമായിരുന്നു. എക്‌സ് സര്‍വീസ് ഉദ്യോഗസ്ഥനായ അച്ഛന്‍ തെരഞ്ഞെടുപ്പ് പ്രചരണ ജോലികള്‍ക്കായി പോകുമായിരുന്നു. അച്ഛന്‍ തിരച്ചെത്തിയാല്‍ പിന്നെ വിശേഷങ്ങള്‍ കേള്‍ക്കുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. 1999 ലാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. എട്ട് വര്‍ഷത്തോളമായി എറണാകുളം ജില്ലയിലാണ് താമസമെങ്കിലും വോട്ട് ഇപ്പോഴും പത്തനംതിട്ട ജില്ലയില്‍ തന്നെയാണ്. ചെറുപ്പത്തില്‍ പഠിച്ച കവുംങ്ങുംപ്രയാര്‍ എം.ടി.എല്‍.പി സ്‌കൂളിലാണ് ഇപ്പോഴും വോട്ട് ചെയ്യാന്‍ എത്തുന്നത്.












Click it and Unblock the Notifications