വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആഘോഷത്തിമിർപ്പ്
പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി. കാട്ടൂരില്‍ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട തിരുവോണത്തോണിക്ക് പള്ളിയോടങ്ങളും അകമ്പടി സേവിച്ചു. പമ്പയില്‍ വെള്ളം കുറവായതിനാല്‍ ആളുകള്‍ പുഴയിലേക്ക് ഇറങ്ങി തള്ളിയായിരുന്നു തോണിയെ സത്രക്കടവില്‍ എത്തിച്ചത്. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. അഞ്ഞൂറോളം പേർക്ക് മാത്രമായിരിക്കും ഇന്നത്തെ സദ്യ ലഭ്യമായിരിക്കുക.
തിരുവോണത്തോണിയിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തില്‍ സദ്യയൊരുക്കുക. വന്‍ ജനത്തിരക്കായിരുന്നു തിരുവോണത്തോണി എത്തുന്നത് കാണാനുണ്ടായിരുന്നത്.
ഓണ വിഭവങ്ങള്‍ ശേഖരിച്ചുകൊണ്ട് തിരുവോണത്തോണി കഴിഞ്ഞ ദിവസം ആറ് മണിക്കായിരുന്നു കാട്ടൂരില്‍ നിന്നും പുറപ്പെട്ടത്. വർഷങ്ങള്‍ക്ക് മുമ്പുള്ള ആചാരമാണ് ഇതിലൂടെ ഇപ്പോഴും തുടരുന്നത്.

ഐതീഹ്യം
ഓണാഘോഷത്തിന്‍റെ ഭാഗമായി മങ്ങാട്ട് ഇല്ലത്ത് ബ്രഹ്ണർക്ക് കാല് കഴുകിച്ചൂട്ട് എന്ന ആചാരം ഉണ്ടായിരുന്നു. ഒരു ഓണനാളില്‍ സദ്യ സ്വീകരിക്കാൻ ബ്രഹ്മണർ എത്തിയില്ല. പകരം എത്തിയത് ഓരുബാലനായിരുന്നു. ഇത് ആറന്മുള ഭാഗവനാണ് എന്നാണ് വിശ്വാസം. ആ ബാലന്‍റെ നിർദ്ദേശപ്രകാരമാണ് തിരുവോണസദ്യ ക്ഷേത്രത്തിലേക്ക് മാറ്റിയതെന്നാണ് ഐതിഹ്യം.
ആറന്മുള ഉത്തൃട്ടാതി ജലോത്സവം
ഓണത്തോട് അനുബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ജലമേളയാണ് ആറന്മുള ഉത്തൃട്ടാതി ജലോത്സവം. ഉത്രാടം ദിനത്തില്‍ നടക്കുന്ന ജലമേളയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായി വരികയാണ്. പമ്പയിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചേക്കും.
ആറന്മുള ഉത്തൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാ നദിയിലെ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി 10.50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ അറിയിച്ചിരുന്നു. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ജലസേചന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുളയുടെ തനതു പൈതൃകമായ ജലോത്സവത്തിന്റെ നടത്തിപ്പിനു വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചു. ജലോത്സവം കാണുന്നതിനായി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുകരകളിലുമുള്ള ഗാലറികളുടെ അറ്റകുറ്റപണികള്‍ക്കുമായും 11 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലായുണ്ടായ പ്രളയത്തെതുടര്‍ന്ന് കടവുകളില്‍ മണ്‍പുറ്റുകള്‍ അടിഞ്ഞുകൂടിയത് പള്ളിയോടങ്ങള്‍ സുരക്ഷിതമായി കടന്നു പോകുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരത്തിനും അവ തീരത്തോടടുപ്പിച്ച് നിര്‍ത്തുന്നതിനും സ്വാഭാവിക ആഴം വര്‍ധിപ്പിക്കുന്നതിനും പരിഹാരം കാണണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് തുക അനുവദിച്ചത്.












Click it and Unblock the Notifications