ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ: പമ്പയില്‍ ജലക്ഷാമം, മണിയാർ ഡാം തുറന്നുവിടും
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. 48 പള്ളിയോടങ്ങളാണ് ആകെ മത്സരിക്കുക. പമ്പയിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ആചാരപ്രകാരം തന്നെ എല്ലാം നടക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ചെറിയ തോതില്‍ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും പര്യാപ്തമായ നിരക്കിലേക്ക് ജലനിരപ്പ് എത്തില്ല. ഈ സാഹചര്യത്തില്‍ നാളെ പുലർച്ചെയോടെ മണിയാർ ഡാം തുറുന്നുവിട്ട് കൂടുതല്‍ ജലം പമ്പയിലേക്ക് ഒഴുക്കും.
മണിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ടോടെ ഉണ്ടാവും. 2017 ന് ശേഷം പൂർണ്ണമായ തോതില്‍ വള്ളം കളി നടക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ആറന്മുളയുടെ പ്രത്യേക തുഴത്താളത്തിന് പ്രത്യേക മാർക്ക് ഉണ്ടായിരിക്കും. ഉച്ചക്ക് ഒരു മണിക്ക് ജല ഘോഷയാത്രയോടുകൂടിയായിരിക്കും ജലോത്സവത്തിന് തുടക്കം കുറിക്കുക. ആദ്യം എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടക്കും, തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടത്തി രണ്ട് ബാച്ചിലേയും സെമി ഫൈനല്‍ വിജയികള്‍ ഫൈനലില്‍ മാറ്റുരയ്ക്കും.

ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ഫോഴ്‌സ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് അറിയിച്ചു. ആറന്മുള ഉത്തൃട്ടാതി ജലമേളയും അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളിയുടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മത്സര വള്ളംകളിയായി തന്നെ നടത്തുവാനാണ് പള്ളിയോട സേവാ സംഘം തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭക്തജന തിരക്ക് ഈ വര്‍ഷം വള്ളസദ്യാ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഉണ്ട്. വള്ളംകളി ദിവസവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വള്ളം കളിയുമായി ബന്ധപ്പെട്ട ജില്ലയില്‍ 650 ഓളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ ആരോഗ്യ വകുപ്പ്, ടൂറിസം, പൊതുമരാമത്ത്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തങ്ങളുടെ പുരോഗതി മന്ത്രി അവലോകനം ചെയ്തു.
വരും ദിവസങ്ങളില്‍, പ്രത്യേകിച്ച് മഴ കുറവുള്ള സാഹചര്യത്തില്‍, എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കേണ്ടതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍. പിള്ള, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആറന്മുള ഓണം 2023 ന്റെയും ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ഓണാഘോഷ പരിപാടികളുടെയും സമാപനവും ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. ആറന്മുള പൊതുമരാമത്ത് വകുപ്പ് സത്രം അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കാഞ്ഞൂര്‍ നാട്ട് പൊലിമ യുടെ 'നാവോറ്' നാടന്‍ പാട്ട് ഫ്യൂഷന്‍ മേള നടക്കും.












Click it and Unblock the Notifications