പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വള്ളപ്പാട്ടും കൃഷ്ണ സ്തുതികളും കേട്ടു; ആറന്മുള വള്ളസദ്യക്ക് തുടക്കമായി

  • By Desk
Google Oneindia Malayalam News

ആറന്മുള : പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇത്തവണത്തെ വള്ളസദ്യക്കാലത്തിന് വഞ്ചിപ്പാട്ടും കൃഷ്ണസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ തുടക്കമായി. ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രത്തിന്റെ ഗജമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വഴിപാട് വള്ളസദ്യ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. മാരാമണ്‍, കോയിപ്രം, തെക്കേമുറി പള്ളിയോടങ്ങള്‍ക്കായിരുന്നു ആദ്യ ദിവസമായ ഇന്നലെ വഴിപാട് വള്ളസദ്യ നടത്തിയത്. രണ്ടാം ദിവസമായ ഇന്ന് മാരാമണ്‍ പള്ളിയോടത്തിന് വള്ളസദ്യ നടത്തും.

xvallasadhya

പമ്പയുടെ ഓളങ്ങളില്‍ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും പള്ളിയോടങ്ങളില്‍ പാടിത്തുഴഞ്ഞ് പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ മതില്‍ക്കടവില്‍ എത്താനിരിക്കുന്നത് 52 കരകളാണ്. അന്നദാനപ്രഭുവിനെ സ്മരിച്ച് ഭക്തന്‍ വിളക്കത്ത് അന്നം വിളമ്പിയശേഷം കരക്കാര്‍ക്ക് കളഭ കുങ്കുമങ്ങളും നല്‍കുന്നതോടെയാണ് ഓരോ വള്ളസദ്യയും ആരംഭിക്കുന്നത്. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും വഴിപാട് വള്ളസദ്യയുടെ നടത്തിപ്പ്. ഇതുവരെ 340 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസ്, ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വി. വിശ്വനാഥ പിള്ള, വൈസ് പ്രസിഡന്റ് ജി. സുരേഷ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സുരേഷ് കുമാര്‍ പുതുക്കുളങ്ങര, ദേവസ്വം അഡ്മിനിസ്‌ടേറ്റീവ് ഓഫിസര്‍ എസ്. അജിത് കുമാര്‍, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ രാജീവ് കുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശേരില്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗം വിനീതാ അനില്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, മാലേത്ത് സരളാദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷ ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്തൃട്ടാതി വള്ളംകളി, അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ് എന്നിവയ്ക്ക് പള്ളിയോടങ്ങളില്‍ ആറന്മുളയിലെത്തുന്ന കരക്കാര്‍ക്ക് പള്ളിയോട സേവാസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണിക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കേരള റീജനന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഡോ. ബി. ബൈജു ഇന്‍ഷുറന്‍സ് പത്രിക കൈമാറി.

സുരക്ഷയ്ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ വള്ളസദ്യയുടെ ആദ്യദിനമായ ഇന്നലെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയത്. വാഹന പാര്‍ക്കിങ് മുതല്‍ നദിയിലെ സുരക്ഷയില്‍ വരെ പൊലീസ് അധികൃതരുടെ ശ്രദ്ധ പ്രകടമായിരുന്നു. ഡിവൈഎസ്പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ ആറന്മുള എസ്എച്ച്ഒ ബി. അനില്‍, എസ്‌ഐമാരായ ജിബു ജോണ്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സത്രക്കടവില്‍ അഗ്‌നിശമന രക്ഷാ സേനയുടെ വാഹനങ്ങളും ക്രമീകരിച്ചിരുന്നു. പള്ളിയോട സേവാസംഘത്തിന്റെ സുരക്ഷാ സംഘവും നദിയിലുണ്ടായിരുന്നു.

ഒക്ടോബര്‍ രണ്ടു വരെ പള്ളിയോടങ്ങളുടെ സാന്നിധ്യം പമ്പയില്‍ ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ സജീവമായിരിക്കുമെന്നതിനാല്‍ അഗ്‌നിശമന രക്ഷാ സേന ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കരനാഥന്മാരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
arummula vallasadhya started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X