പത്തനംതിട്ടയില്‍ കത്തിക്കുത്ത്: ഓട്ടോറിക്ഷ ഡ്രൈവർ ഗുരുതരാവസ്ഥയിൽ, ആക്രമണം കുടുംബത്തിന് മുമ്പാകെ!
പത്തനംതിട്ട: മകളെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി എന്നാരോപിച്ച് പിതാവ് ഓട്ടോറിക്ഷ ഡ്രൈവറെ നടുറോഡിൽ കുത്തിപ്പരിക്കേൽപിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടുകൂടി പൂങ്കാവ് ജംഗ്ഷനിലാണ് നാട്ടുകാർ കണ്ടു നിൽക്കെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ ഓടിച്ചുവന്ന ളാക്കൂർ ,തടത്തിൽ തെക്കേതിൽ ജോർജ് മകൻ ഷൈജു (35) വിനെ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി ഭാര്യയുടെയും മകന്റെയും മുൻപിൽ വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്.
കുത്തിന്റെ ആഘാതത്തിൽ കുടൽമാല പുറത്തുവന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് പത്തനംതിട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചത്. ഭർത്താവുമായി അകന്നുകഴിയുന്ന യുവതി രണ്ടു കുട്ടികളുമായി മാതാപിതാക്കളോടൊപ്പമാണ് താമസം. യുവതിയുടെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത് ഷൈജു ആയിരുന്നു. വിവാഹിതനായ ഷൈജു യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ആയതിന് വിസമ്മതിച്ച യുവതിക്കെതിര അപവാദങ്ങൾ പറഞ്ഞുപരത്തി എന്നതാണ് ആരോപണം.

കാറിൽ എത്തിയ സംഘത്തിൽ പിതാവിനൊപ്പം യുവതിയും സഹോദരനും നിരവധി കേസുകളിൽ പ്രതിയായ മറ്റൊരു യുവാവും ഉള്ളതായി പറയപ്പെടുന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് തിരഞ്ഞു വരുന്നു. രണ്ടരമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം സി സി യുവിലേക്ക് മാറ്റിയ ഓട്ടോഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു.












Click it and Unblock the Notifications