പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ അടിയന്തര ശുചീകരണത്തിന് കലക്ടറുടെ നിർദേശം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട : മഴക്കെടുതിക്കിരയായ സ്ഥലങ്ങളിൽ വാർഡ്തല ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ അടിയന്തരമായി ഊർജിത ശുചീകരണം നടത്തണമെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ്. മഴക്കെടുതി സംബന്ധിച്ച തുടർനടപടികൾ വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ശുചീകരണ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ, റവന്യുവകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തിലായിരിക്കും നടത്തുക.

വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നെന്ന് ഉറപ്പാക്കുന്നതിന് നിരന്തര നിരീക്ഷണം നടത്തുന്നതിന് തിരുവല്ല ആർഡിഒ ടി.കെ.വിനീതിനെയും അടൂർ ആർഡിഒ എം.എ.റഹീമിനെയും കലക്ടർ ചുമതലപ്പെടുത്തി. ശുചീകരണം, രോഗപ്രതിരോധ പ്രവർത്തനം, കുടിവെള്ള വിതരണം എന്നിവയ്ക്കായിരിക്കും തുടർപ്രവർത്തനത്തിൽ ശ്രദ്ധ നൽകുക.

rain

മഴക്കെടുതിക്കിരയായ മേഖലകളിൽ ശുദ്ധമായ കുടിവെള്ളം കിട്ടുന്നുവെന്ന് ഉറപ്പാക്കണം. ഈ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സാധ്യത ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പരിശോധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിക്കണം. കുടിവെള്ള വിതരണം ആവശ്യമായ സ്ഥലങ്ങളുടെ കൃത്യമായ വിവരം ബന്ധപ്പെട്ട തഹസിൽദാർമാർ നൽകണം. മഴവെള്ളം കയറിയ വീടും പരിസരവും വൃത്തിയാക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം ആരോഗ്യപ്രവർത്തകർ നൽകണം. ആവശ്യമായ സ്ഥലങ്ങളിൽ ക്ലോറിനേഷൻ നടത്തണം. നഷ്ടം ശരിയായി വിലയിരുത്തണമെന്ന് മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടം ഉദ്യോഗസ്ഥർ ശരിയായി വിലയിരുത്തണം. കണക്കുകളിൽ അപാകത സംഭവിക്കാതെ ഇക്കാര്യം കൃത്യമായി നിർവഹിക്കണം. നാശനഷ്ടങ്ങൾ അടിയന്തരമായി വിലയിരുത്തി നൽകുന്നതിന് എൽഎസ്ജിഡി എൻജിനീയർമാരും ഓവർസീയർമാരും ശ്രദ്ധിക്കണം.


തുടർനടപടികളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻതന്നെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. മഴക്കെടുതിക്കിരയായ എല്ലാ സ്ഥലങ്ങളിലും മെഡിക്കൽ ക്യാംപുകൾ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കലക്ടർ നിർദേശം നൽകി. ഡിഎംഒ ബന്ധപ്പെട്ട തഹസിൽദാരുമായി കോ-ഓർഡിനേറ്റ് ചെയ്തു പ്രവർത്തിക്കണം. സർക്കാർ ഓഫിസുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ വിവരവും റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പന്തളം ചേരിക്കലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജലസേചനവകുപ്പിന്റെ ഐരാണിക്കുടിയിലെ ഷട്ടർ തുറക്കുന്നതിന് ദുരന്തനിവാരണം ഡപ്യൂട്ടി കലക്ടർക്ക് നിർദേശം നൽകി. ജനവാസകേന്ദ്രത്തിലെ വെള്ളം നീക്കണം പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സിനു സമീപം ജനവാസകേന്ദ്രത്തിലെ വെള്ളം നീക്കണമെന്ന് തിരുവല്ല തഹസിൽദാർക്ക് നിർദേശം നൽകി. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളതെന്ന് കലക്ടർ പറഞ്ഞു. വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടിയന്തരമായി നാശനഷ്ടം തിട്ടപ്പെടുത്തി എല്ലാ വകുപ്പുകളും കലക്ടറേറ്റിലേക്ക് നൽകണം.


മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ തുറന്നിരുന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 106ൽ നിന്ന് 70 ആയി കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ശുചീകരണ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കോളനികൾ ഉൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഈ പ്രദേശങ്ങളിലെ കിണർ വെള്ളം നല്ലതാണോയെന്ന് ഉറപ്പാക്കണം. ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിനേഷൻ നടത്തണം. തിളപ്പിച്ചാറിയ ജലം മാത്രമേ ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ഉപയോഗിക്കാവൂ. മലിനജലത്തിൽ കുളിക്കുന്നത് പകർച്ചവ്യാധികൾ പിടിപെടാൻ കാരണമാകുമെന്നതിനാൽ ശ്രദ്ധ പുലർത്തണമെന്നും കലക്ടർ പറഞ്ഞു. കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുന്നതിന് ഉടൻ അപേക്ഷ ക്ഷണിക്കുമെന്ന് കൃഷിവകുപ്പിന്റെ പ്രതിനിധി കലക്ടറെ അറിയിച്ചു.

English summary
collector ordered to provide urgent recovery in flooded areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X