മാളികപ്പുറത്തെ കതിന അപകടം പൊട്ടിത്തെറിയല്ല, തീപിടുത്തം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പത്തനംതിട്ട: മാളികപ്പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ കതിന അപകടത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊട്ടിത്തെറിയല്ല തിപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ രണ്ട് ദിവസം വിശദമായ പരിശോധന നടത്തുമെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭാവിയില്‍ അപകടം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം, മകര വിളക്ക് കണക്കിലെടുത്ത് ശബരിമലയില്‍ വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം അനുസരിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കും. മകരജ്യോതി ദര്‍ശിക്കുന്നതിനുള്ള ഇടങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് ജനുവരി ഏഴിന് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

മകരജ്യോതി ദര്‍ശനത്തിന് തിരഞ്ഞെടുത്തിരുക്കുന്ന വ്യൂപോയിന്റുകളിലെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫെന്‍സിംഗ്, അടിസ്ഥാനസൗകര്യങ്ങള്‍, വാഹന പാര്‍ക്കിംഗ്, വ്യൂപോയിന്റിലേക്കുള്ള റോഡ് സൗകര്യം, സുരക്ഷിതവും ബലവുമുള്ള ബാരിക്കേഡുകള്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കണമെന്ന് കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
മകരവിളക്കിന് വലിയ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ക്രമീകരണങ്ങള്‍ വകുപ്പുകള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സുഗമമായ ദര്‍ശനം സാധ്യമാക്കണം. കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക ശ്രദ്ധ നല്‍കി സംയുക്ത പരിശോധന നടത്തണം.
മകരജ്യോതി ദര്‍ശിക്കുന്നതിന് മറ്റ് ഇടങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ അധികബസ് സൗകര്യം, ആരോഗ്യവകുപ്പിന്റെ കൂടുതല്‍ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കതിന അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിമരുന്നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്താന്‍ ഫയര്‍ഫോഴ്സിന് നിര്‍ദേശം നല്‍കി. മകരവിളക്കുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ഏഴാം തീയതിയോടുകൂടി സജ്ജമാക്കണമെന്നും വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കി സമര്‍പ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
നിലവില്‍ ജില്ലയില്‍ 11 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മോധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. നിലവില്‍ 10000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലേക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വകുപ്പുകള്‍ ഒരുക്കി നല്‍കണം.
ഹില്‍ ടോപ്പ് ഉള്‍പ്പെടെ ജില്ലയില്‍ ഏഴ് വ്യൂപോയിന്റ് ഉണ്ട്. പമ്പ ഹില്‍ ടോപ്പിലെ സുരക്ഷാക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട് എന്നീ ആറ് വ്യൂപോയിന്റുകളുടെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും നിര്‍വഹിക്കും. വ്യൂപോയിന്റുകളിലെ അപകടകരമായ മരചില്ലകള്‍ മുറിച്ചുമാറ്റണമെന്നും നിര്‍ദേശം നല്‍കി. മകരവിളക്കിന് ശേഷം തീര്‍ഥാടകരുടെ വാഹനത്തിരക്ക് കൂടുന്നതിനാല്‍ റോഡുകളില്‍ ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.












Click it and Unblock the Notifications