കോണ്‍ഗ്രസും ബിജെപിയും കൈകോർത്തു: റാന്നിയില്‍ സ്വതന്ത്രന്‍ പഞ്ചായത്ത് പ്രസിഡന്റ്
റാന്നി: കോണ്‍ഗ്രസും ബി ജെ പിയും കൈകോർത്തതോടെ പത്തനംതിട്ട റാന്നി പഞ്ചായത്തില്‍ സ്വതന്ത്രന്‍ പ്രസിഡന്റ്. പഞ്ചായത്തിലെ 12ാം വാര്‍ഡ് അംഗം കെആര്‍ പ്രകാശാണ് കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങളുടെ പിന്തുണയില്‍ അധ്യക്ഷ പദവിയിലെത്തിയത്. പ്രകാശിന്റെ പേര് ആദ്യം വൈസ് പ്രസിഡന്റായ സിന്ധു സഞ്ജയന്‍ നിര്‍ദേശിച്ചെങ്കിലും ആരും പിന്തുണച്ചില്ല. ഇതേ തുടർന്ന് വേഗത്തില്‍ അവര്‍ പേര് പിന്‍വലിച്ചു. പിന്നീട് പ്രകാശിന്റെ പേര് ബി ജെ പിയിലെ എഎസ് വിനോദ് നിര്‍ദേശിക്കുകയും കോണ്‍ഗ്രസിലെ മിനി തോമാസ് പിന്താങ്ങുകയും ചെയ്തു. പ്രകാശിന് ഏഴ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സച്ചിന് ആറ് വോട്ടുകളാണ് ലഭിച്ചത്. 13അംഗ സമിതിയില്‍ എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് അഞ്ച്, ബിജെപി രണ്ട്, സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷി നില.
നേരത്തെ ബിജെപി, സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം അംഗമായിരുന്നു ശോഭാ ചാര്‍ളിയായിരുന്നു പ്രസിഡന്റ്. കോണ്‍ഗ്രസും സ്വതന്ത്ര അംഗവും ചേർന്ന് നല്‍കിയ അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് ശോഭ ഈ മാസം ആദ്യം സ്ഥാനം രാജിവെച്ചിരുന്നു. അവിശ്വാസത്തില്‍ പരാജയം ഉറപ്പായതോടെ ശോഭ ചാര്‍ളി രാജിവെക്കുകയാണുണ്ടായത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്നാണ് ശോഭാ ചാര്‍ളി പറയുന്നത്. തുടര്‍ന്നാണ് ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ബി ജെ പി പിന്തുണയോടെയുള്ള എല്‍ ഡി എഫ് ഭരണം സംസ്ഥാനത്താകെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ എല്‍ ഡി എഫ് കമ്മിറ്റിയില്‍ നിന്ന് ശോഭ ചാര്‍ളിയെ പുറത്താക്കിയെങ്കിലും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ അവർ തയ്യാറായിരുന്നില്ല. സി പി ഐ, കോണ്‍ഗ്രസ് കക്ഷികള്‍ ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. അതേ കോണ്‍ഗ്രസാണിപ്പോള്‍ ബി ജെ പിയുടെ കൂട്ടുകെട്ടില്‍ സ്വതന്ത്രനെ പഞ്ചായത്ത് പ്രസിഡന്റാക്കിയിരിക്കുന്നത്.












Click it and Unblock the Notifications