പിപി ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നില്ല, അറസ്റ്റ് ചെയ്യണം: സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി
പത്തനംതിട്ട: മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് സി പി എം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു. ദിവ്യയുടെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നും, പൊലീസ് സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട പി പി ദിവ്യയുടെ ജാമ്യാപേക്ഷ കണ്ണൂർ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ് സർക്കാരും പാർട്ടിയും. അതുകൊണ്ട് തന്നെ ഈ കേസില്‍ ദിവ്യക്ക് ജാമ്യം നിഷേധിക്കണമെന്ന സമീപനമാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. തുടർന്നും സർക്കാർ ആ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകും. എന്നും ആ കുടുംബത്തിനൊപ്പമുണ്ടാകും. മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സ്വാഭാവികമായും പൊലീസിന് അറസ്റ്റിലേക്ക് കടക്കേണ്ടി വരും. കോടതി ജാമ്യം നിഷേധിച്ച് കഴിഞ്ഞാല്‍ പൊലീസിന് മുന്നിലുള്ള ഒരു വഴി അതാണെന്നും കെ പി ഉദയഭാനു.

ദിവ്യയുടെ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന അഭിപ്രായം നവീന്‍ ബാബുവിന്റെ കുടുംബത്തിന്. കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ആവശ്യമായ നടപടി അവർ സ്വീകരിക്കും. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരിക്കും പൊലീസ് ഇതുവരെ കാത്തനിന്നത്. വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ പാർട്ടി ഒരു നിലപാടാണ് സ്വീകരിച്ചത് അതില്‍, അന്നും ഇന്നും മാറ്റമില്ല.
ജാമ്യാപേക്ഷ കോടതിയിലേക്ക് വരികയാണെങ്കില്‍ ആ ഹർജിയില്‍ കോടതി എന്ത് തീരുമാനം എടുക്കുന്നു എന്ന് അറിയാന്‍ പൊലീസ് കാത്തുനില്‍ക്കും. ഇപ്പോള്‍ ഒരു തീരുമാനം വന്ന സ്ഥിതിക്ക് പൊലീസ് സ്വതന്ത്രമായ രീതിയില്‍ മുന്നോട്ട് പോകും. പിപി ദിവ്യയെ പാർട്ടി സംരക്ഷക്കുന്നില്ല. എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്ന ആ കുടുംബത്തിന്റെ അഭിപ്രായത്തോടൊപ്പമാണ് പാർട്ടി നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും കെ സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി എടുക്കുന്നയാളാണ് വിശ്വൻ വക്കീൽ. എംവി ഗോവിന്ദൻ്റെ സഹായമില്ലാതെ ഇത് നടക്കില്ല. എംവി ഗോവിന്ദന് ഈ കാര്യത്തിൽ നിക്ഷിപ്ത താത്പര്യമാണുള്ളത്. ദിവ്യയ്ക്ക് കോടതിയിൽ പോകാനുള്ള സൗകര്യം ഒരുക്കിയത് പൊലീസും സിപിഎമ്മുമാണ്. ആഭ്യന്തര വകുപ്പിൻ്റെ സഹായമില്ലാതെ ദിവ്യയ്ക്ക് ഇത്ര ദിവസം ഒളിവിൽ കഴിയാനാവില്ല.
നവീൻ ബാബുവിൻ്റെ ഭാര്യ ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പത്തനംതിട്ട ജില്ലാ നേതൃത്വം നിലപാട് പണയം വെച്ചത് സംസ്ഥാന സെക്രട്ടറി ഇടപെട്ടതോടെയാണ്. കണ്ണൂർ ലോബിക്ക് മുന്നിൽ പത്തനംതിട്ട ജില്ലാ ഘടകം കീഴടങ്ങിയത് ഗോവിന്ദൻ്റെ താത്പര്യം സംരക്ഷിക്കാനാണ്. നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ബിജെപി എല്ലാ സഹായവും ചെയ്യും. തിരഞ്ഞെടുപ്പിൻ്റെ സമയത്ത് പോലും ദിവ്യയ്ക്ക് സംരക്ഷണം എങ്ങനെ കിട്ടുന്നുവെന്ന് ആലോചിക്കണം. ദിവ്യയെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാത്തതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications