ശബരിമലയിലെ ഭക്തജനത്തിരക്ക്; തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കും: മുഖ്യമന്ത്രി
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കാനാണ് നിർദ്ദേശം. തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ശബരിമലയിൽ എത്തിയത് 88,000 തീർത്ഥാടകരാണ്. തീർത്ഥാടകരുടെ എണ്ണം ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടക്കാൻ ദേവസ്വം ബോർഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്കർഷ പുലർത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പോലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുക്തമായ ഏജൻസികളിൽ നിന്ന് വളണ്ടിയർമാരെ കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. തെറ്റായ വാർത്തകൾ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് തടയാൻ ഇടപെടൽ ഉണ്ടാവണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് തുടരണം. തീർത്ഥാടകർ വരുന്ന പാതകളിൽ ശുചീകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തീർത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
അതേസമയം, ശബരിമലയില്‍ ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരു ദിവസത്തെ മാത്രം പ്രതിസന്ധി വെച്ച് ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു. പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പ്രതിസന്ധിയും നിലവിൽ സന്നിധാനത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
'ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസം ശബരിമലയില്‍ പ്രതിസന്ധി രൂക്ഷമായി. ഇത് ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായ രീതിയില്‍ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്', മന്ത്രി പറഞ്ഞു. തിരക്ക് കൂടിയതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. പതിനെട്ടാം പടിയില്‍ തിരക്ക് വര്‍ധിച്ചതിനാലാണ് ഭക്തര്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ പടി കയറ്റുന്ന കാര്യം കുറച്ചുകൂടെ വേഗത്തിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications