യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പന്തളത്തെ ഡിവൈഎഫ്ഐ നേതാവിന്റെ 'വോട്ടും': നാലിടത്ത് പരാതി
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ പന്തളത്തെ ഡി വൈ എഫ് ഐ നേതാക്കളുടെ പേരിലും കള്ളവോട്ട് ചെയ്തതായി കണ്ടെത്തല്‍. പന്തളത്തെ ഡി വൈ എഫ് ഐ നേതാവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിലുള്‍പ്പെടെയാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് എത്തി അബിയുടെ മൊഴി രേഖപ്പെടുത്തി.
താന്‍ യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും വേറെ ആരെങ്കിലും തന്റെ വ്യാജ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത് ആയിരിക്കാമെന്നും അബി പറഞ്ഞു. പത്തനംതിട്ടയില്‍ മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നു.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടുകൾ രേഖപ്പെടുത്തി എന്ന ഗുരുതരമായ കുറ്റം സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ട് എന്നാണ് വിവിധ ജില്ലകളിൽ നിന്നും പുതുതായി വന്നിട്ടുള്ള പരാതികളിൽ നിന്ന് മനസ്സിലാക്കുന്നതെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ തിരുവനന്തപുരത്ത് കേസെടുത്തതിന് പുറമേ കാസർഗോഡ്,കണ്ണൂർ കോഴിക്കോട്,പത്തനംതിട്ട തുടങ്ങി മിക്കവാറും ജില്ലകളിൽ നിന്ന് പരാതികൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. നാലു പുതിയ പരാതികൾ വ്യാജ ഐഡി നിർമ്മാണ ബന്ധപ്പെട്ട് പോലീസിന് ലഭിച്ചു ഇനിയും പരാതികൾ പോലീസിലെത്താനുണ്ട്.
പത്തനംതിട്ടയിലെ പന്തളത്ത് വ്യാജ ഐഡി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്ത വ്യാജ ഐഡന്റിറ്റി കാർഡുകളിൽ ചിലത് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാജ ഐഡി കാർഡാണ്. അഭിജിത്ത് രാജ്, അഖിൽ കൃഷ്ണൻ, എബിൻ കെ ഷാജി, അബി വക്കാസ്, അജിത് കൃഷ്ണൻ , ആശിഖ് ,അജിത് കുമാർ എം എ,അബ്ദുൾ ജലാൽ, എന്നിവർ അവരുടെ ഐഡി വ്യാജമായി നിർമ്മിച്ചതിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പറ്റാവുന്നവരുടെ എല്ലാം ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ്സ് നിർമ്മിച്ചിട്ടുണ്ട്. വ്യാപകമായി മറ്റു രാഷ്ട്രീയ പാർട്ടികളിൽ പെട്ട ആളുകളുടെ അടക്കം ഐഡി കാർഡുകൾ നിർമ്മിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ഐഡി കാർഡുകൾ നിർമ്മിക്കപ്പെട്ട ആളുകൾ വളരെ ആശങ്കയിലാണ്. ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാർഡുകൾ സംസ്ഥാനത്ത് നിർമ്മിച്ചു എന്നാണ് പുറത്ത് വന്നത്.
ഇവ ഉപയോഗിച്ച് ഇവർ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നുള്ളതും വളരെ ആശങ്കാജനകമായ കാര്യമാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനും , സിം കാർഡുകൾ എടുക്കാനും വാടകയ്ക്ക് മുറികൾ എടുക്കാനും മറ്റു പല ആവശ്യങ്ങൾക്കും ഇത്തരം ഐഡി കാർഡുകൾ ഉപയോഗിക്കാം എന്നതിനാൽ അതീവ ഗൗരവമായി ഈ വിഷയത്തെ കാണേണ്ടതുണ്ട്.
പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലെ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തി വ്യാജ ഐഡി കാർഡ് നിർമ്മാണത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications