ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പോലീസ് പരിശോധന കര്‍ശനമായി തുടരും: ജില്ലാ പോലീസ് മേധാവി
പത്തനംതിട്ട: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പോലീസ് പരിശോധന കര്‍ശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ഇളവുകളിലൂടെ പ്രവര്‍ത്തന അനുമതി ലഭിച്ച സ്ഥാപനങ്ങളും കടകളും വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കും. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് നിബന്ധനകളുടെ ലംഘനം അനുവദിക്കില്ല. ജില്ലയിലെ പോലീസ് ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരികയാണ്.
സ്ഥാപനങ്ങളിലും, കടകളിലും മറ്റും എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണം. സ്ഥാപനത്തിന്റെ വലുപ്പം അനുസരിച്ചു മാത്രമേ ആളുകളെ കയറ്റാവൂ. അനുമതി ലഭിച്ച ഇടങ്ങളില്‍ ഏറ്റവും കുറച്ച് ജീവനക്കാരെ വച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലീഗല്‍ മെട്രോളജി, പൊതുവിതരണം, ഡ്രഗ് കണ്‍ട്രോള്‍ എന്നീ വകുപ്പുകളുമായി ചേര്‍ന്നും അല്ലാതെയും പരിശോധന നടത്തും. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി എടുക്കും. കൂടുതല്‍ വിലയ്ക്ക് ഇവ വില്‍ക്കുന്നത് ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം അതത് പോലീസ് സ്റ്റേഷനുകളിലെ എസ്ഐമാരും പരിശോധനയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം ചില വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിലക്കുകളുടെ ലംഘനം അനുവദിക്കില്ല. ക്വാറന്റൈന്‍ ലംഘനമുണ്ടാവാതെ തടയാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 244 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 227 പേരെ അറസ്റ്റ് ചെയ്തു. നിബന്ധനകള്‍ ലംഘിച്ച് ഈദിവസങ്ങളില്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി.
ഇത്തരത്തില്‍ 102 വാഹനങ്ങളാണ് ജില്ലയില്‍ പോലീസ് പിടിച്ചെടുത്തത്. മൂന്നു കടകള്‍ക്കെതിരെയും നടപടിയെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1073 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 403 ആളുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ഇന്ന് (31) വൈകുന്നേരം വരെ ലഭിച്ച ഇ പാസ് അപേക്ഷകള്‍ 50448 എണ്ണമാണ്. 11716 എണ്ണം മാത്രമാണ് അംഗീകരിക്കുകയും പാസ് അനുവദിക്കുകയും ചെയ്തത്. 38728 അപേക്ഷകള്‍ തള്ളി, നാലെണ്ണം പരിഗണയില്‍ ഉണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.












Click it and Unblock the Notifications