പത്തനംതിട്ടയില്‍ നിന്നും കാണാതായത് 4 പെണ്‍കുട്ടികളെ: 3 പേരെ മറ്റ് ജില്ലകളില്‍ നിന്നും കണ്ടെത്തി
പത്തനംതിട്ട: ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും കാണാതായ നാല് പെണ്‍കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി. പാലക്കാട് റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളെ നേരത്തെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയിരുന്നു. ഓതറയിലെ സ്കൂളില്‍ നിന്നും കാണാതായ കുട്ടികളാണ് ഇവർ. ശേഷിക്കുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട നഗരസഭ പരിധിയിലുള്ള സ്കൂളില്‍ നിന്ന് ഒരേ സമയം നാല് കുട്ടികളെ കാണാതായത് വലിയ രീതിയിലുള്ള പരിഭ്രാന്തി പരത്തിയിരുന്നു.

തിരുവല്ല ഓതറ എഎംഎം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാണാതായ രണ്ടു പെണ്‍കുട്ടികളെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം രണ്ട് ആണ്‍കുട്ടികളേയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടികളെ കാണാതായെന്ന പരാതി പൊലീസിന് ലഭിച്ചത്. സ്കൂളിലേക്ക് പോയ പെണ്‍കുട്ടികള്‍ ഏറെ വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്.
പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്.എസ്.എസില്‍ ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി, തൈക്കാവ് ഗവ. എച്ച് എസ് എസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി എന്നിവരെ കാണാതായതായി വൈകിട്ടാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്. പൊലീസ് ഉടന്‍ തന്നെ സി സി ടി വികളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുകയായിരുന്നു. നാലാമത്തെ കുട്ടി എവിടെയാണ് ഉള്ളതെന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന കിട്ടിയെന്നാണ് വിവിധ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ബുധനാഴ്ച രാവിലെ റാന്നി വയലത്തലയില്‍ നിന്നും രണ്ട് ആണ്‍കുട്ടികളേയും കാണാതായിരുന്നു. ഇവരെ പിന്നീട് കോന്നിയില്‍ നിന്നും കണ്ടെത്തി.












Click it and Unblock the Notifications