ജില്ലയിൽ കഴിഞ്ഞ മാസം പിടിച്ചെടുത്തത് 2.47 കിലോഗ്രം കഞ്ചാവും 1109 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളും
പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ മാസം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത് 2.47 കിലോഗ്രാം കഞ്ചാവും 1109 കിലോഗ്രാം നിരോധിത പുകയിലു ഉത്പന്നങ്ങളുമാണെന്ന് വ്യാജമദ്യനിയന്ത്രണ സമിതി യോഗത്തിൽ എക്‌സൈസ് വകുപ്പ് അറിയിച്ചു. ജില്ലയിൽ എക്‌സൈസ് വകുപ്പ് ഒരു മാസം ഇത്രയധികം മയക്കുമരുന്നും നിരോധിത പുകയില ഉത്പന്നങ്ങളം കണ്ടെടുത്തിയിട്ടുള്ളത് ഇതാദ്യമാണ്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ വിതരണം വ്യാപകമായി നടക്കുന്നതായി നേരത്തേ എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ പരിശോധനകൾ നടക്കുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ജില്ലയിൽ എക്‌സൈസ് 941 റെയ്ഡുകൾ നടത്തി. 139 അബ്കാരി കേസുകളിലായി 119 പേരെ പ്രതി ചേർക്കുകയും 114 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് രഹസ്യ വിവര ശേഖരണത്തിലൂടെ പ്രത്യേക റെയ്ഡുകൾ നടത്തുന്നുണ്ട്. അനധികൃത വിദേശമദ്യ വിൽപ്പനക്കാർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസുകൾ എടുത്തിട്ടുണ്ട്. 915 കോട്പ കേസുകൾ രജിസ്റ്റർ ചെയ്ത് 1,88,100 രൂപ പിഴ സർക്കാരിലേയ്ക്ക് ഈടാക്കി. ജില്ലയിലെ വനമേഖലകളിലും പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക റേഞ്ചുകൾ ആരംഭിക്കും. പമ്പ, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിൽ രണ്ട് പട്രോളിങ് ടീമുകൾ സജ്ജീകരിക്കും. കായികമത്സരങ്ങളിലൂടെ ലഹരി വിരുദ്ധസന്ദേശം യുവജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനായി എക്‌സൈസ് വകുപ്പ് റേഞ്ച്/ സർക്കിൾ തലത്തിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മത്സര വിജയികളെ ഉൾപ്പെടുത്തിയുള്ള ജില്ലാതല മത്സരം നവംബർ 10ന് നടക്കും.












Click it and Unblock the Notifications